തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശിപ്പിക്കുന്ന പ്രതിദിന തീര്‍ഥാടകരുടെ എണ്ണം മുപ്പതിനായിരത്തില്‍നിന്ന് തത്കാലം കൂട്ടേണ്ട സാഹചര്യമില്ലെന്നു തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. നിലവില്‍ ബുക്ക് ചെയ്യുന്ന തീര്‍ഥാടകരെല്ലാം എത്തുന്നില്ല. എന്നാല്‍, കോവിഡ് കുറയുന്ന മുറയ്ക്ക് തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

പമ്പാ നദിയില്‍ കുളി അനുവദിക്കുന്ന കാര്യത്തില്‍ പിന്നീടേ തീരുമാനം ഉണ്ടാകൂ.

തീര്‍ഥാടകരെ സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കേണ്ടെന്ന തീരുമാനത്തിലും തത്കാലം മാറ്റമില്ല.

സ്‌പോട്ട് ബുക്കിങ് സൗകര്യം അധികം പേര്‍ പ്രയോജനപ്പെടുത്താത്തതിനാല്‍ കേരളത്തില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കാനിടയില്ല.

എന്നാല്‍, തമിഴ്നാട്ടിലും കര്‍ണാടകയിലും ബുക്കിങ് കേന്ദ്രങ്ങള്‍ വേണമെന്നു അവിടത്തെ ഭക്തര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ദേവസ്വംബോര്‍ഡിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ പോലീസിന്റെകൂടി തീരുമാനം ആവശ്യമാണ്.

content highlights: sabarimala pilgrimage 2021