ശബരിമല: അപ്പം തയ്യാറാക്കുന്നതിന് പുതിയ കരാറുകാരനെത്തേടുന്നതിന് ഹൈക്കോടതി അനുമതി നല്‍കുന്നതോടെ അപ്പം വിതരണത്തിന് തികയുന്നില്ലെന്ന പരാതിക്ക് പരിഹാരമാവും.

നിലവിലുള്ള കരാറുകാരന് പുറമേയാണ് മറ്റൊരാള്‍ക്കുകൂടി കരാര്‍ നല്‍കിയിരിക്കുന്നത്. അപ്പം ആവശ്യപ്പെട്ടെത്തുന്ന ഭക്തരോട് പലപ്പോഴും കാത്തിരിക്കാനാണ് കൗണ്ടറില്‍നിന്നുള്ള നിര്‍ദേശം. അപ്പം വേണ്ടത്ര ഉണ്ടെങ്കിലും അത് പായ്ക്കറ്റുകളാക്കാനുള്ള സംവിധാനം ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ദേവസ്വം നേരിട്ട് തയ്യാറാക്കുന്നതിനാല്‍ അരവണ വേണ്ടത്ര ലഭ്യമായിരുന്നു. അപ്പം കരാറെടുത്ത ആദ്യത്തെ ആള്‍ക്ക്, അത് പായ്ക്കറ്റിലാക്കാന്‍ വേണ്ടത്ര ആളുകളെ നിയോഗിക്കാനാകാത്തതായിരുന്നു പ്രതിസന്ധിക്ക് കാരണം. രണ്ട് ഷിഫ്റ്റുകളിലാണ് പായ്ക്കിങ്ങുകാര്‍ ജോലി ചെയ്യുന്നത്. രാവിലെ ഒന്‍പതുമുതല്‍ രാത്രി 10 വരെയും 10 മുതല്‍ രാവിലെ വരെയും.

എന്നാല്‍, പകല്‍ ഷിഫ്റ്റില്‍ മാത്രമാണ് ജോലിക്കാരുള്ളത്. രാത്രിയില്‍ ആളില്ല. ജോലിക്കാരെ കിട്ടാനില്ലെന്നാണ് കരാറുകാരന്‍ പറയുന്നത്. രണ്ടുഷിഫ്റ്റുകളിലുമായി 50 പേര്‍ വീതമാണ് ജോലി ചെയ്യാറ്. കുറഞ്ഞ തുകയ്ക്ക് കരാറെടുത്തതാണ് കരാറുകാരന്‍ ജോലിക്കാരെ കൊണ്ടുവരാത്തതിന് കാരണമെന്നാണറിയുന്നത്. കഴിഞ്ഞ വര്‍ഷത്തെ അനുഭവംവെച്ച് അയ്യപ്പന്‍മാര്‍ കുറവായിരിക്കുമെന്ന ധാരണയില്‍ കുറഞ്ഞ നിരക്കിലാണ് കരാറെടുത്തത്. ഇത്തവണ തീര്‍ഥാടകര്‍ കൂടുതലായി വന്നത് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

നിലവിലെ നിരക്കില്‍ രണ്ട് ഷിഫ്റ്റുകളിലും 50 പേരെ വീതം ജോലിക്ക് നിര്‍ത്തിയാല്‍ വലിയ നഷ്ടംവരും. അതിനാല്‍ ജീവനക്കാരെ നിയോഗിക്കാന്‍ ദേവസ്വം അധികൃതര്‍ പറയുമ്പോള്‍ എന്തെങ്കിലും കാരണംപറഞ്ഞ് കരാറുകാരന്‍ തടിയൂരുകയാണ് ചെയ്യുന്നത്.