നിലയ്ക്കല്‍: പമ്പയില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ ശനിയാഴ്ച ശബരിമല യാത്ര നിരോധിച്ചതിനെത്തുടര്‍ന്ന് നിലയ്ക്കലില്‍ അനുഭവപ്പെട്ടത് വന്‍തിരക്ക്. ഇതോടെ നിയന്ത്രണങ്ങള്‍ പാളി.

കൂടുതല്‍ തീര്‍ഥാടകര്‍ നിലയ്ക്കലില്‍ തങ്ങുന്നുണ്ടെന്നറിഞ്ഞിട്ടും മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പോലീസിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ വീഴ്ച. തിരക്കുനിയന്ത്രണം മുതല്‍ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിലയ്ക്കലില്‍ വീഴ്ചയുണ്ടായി. പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ തങ്ങുന്നുണ്ടെന്നറിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കുന്നതിനുള്ള ഒരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

വെര്‍ച്വല്‍ ക്യൂ രേഖകള്‍ പരിശോധിക്കുന്ന ഓഡിറ്റോറിയത്തിലുണ്ടായ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിനായില്ല. ഒന്നരമണിക്കൂറോളം പണിപ്പെട്ടാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. തിക്കിലും തിരക്കിലും നിരവധി തീര്‍ഥാടകര്‍ വേലിക്ക് മുകളിലേക്ക് മറിഞ്ഞുവീണു. രേഖകള്‍ പരിശോധിക്കാന്‍ പത്ത് കൗണ്ടറുകള്‍ തുറക്കുമെന്നുപറഞ്ഞ സ്ഥാനത്ത് ഏഴ് കൗണ്ടര്‍ മാത്രമാണ് പോലീസ് തുറന്നത്.

പോലീസ് കണ്‍ട്രോള്‍ റൂമിന് മുന്‍വശംമുതല്‍ രേഖകള്‍ പരിശോധിക്കുന്ന സ്ഥലംവരെ വലിയ ക്യൂവാണ് അനുഭവപ്പെട്ടത്. നാല്പതോളം പോലീസുകാര്‍ ഏറെനേരം പണിപ്പെട്ടാണ് തിരക്ക് നിയന്ത്രിച്ചത്. പമ്പയിലേക്കുള്ള ചെറിയ വാഹനങ്ങള്‍ക്ക് പാസ് നല്‍കുന്നതിനായി ഒരൊറ്റ കൗണ്ടര്‍മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെയും വലിയ തിരക്കുണ്ടായി. പോലീസിന്റെ റാപ്പിഡ് ആക്ഷന്‍ഫോഴ്‌സ് എത്തിയാണ് തിരക്ക് നിയന്ത്രിച്ചത്. പ്രായമായവരും കുട്ടികളുമടക്കം നിരവധിപേര്‍ക്കാണ് മണിക്കൂറുകളോളം വെയിലത്ത് ക്യൂ നില്‍ക്കേണ്ടിവന്നത്. ഒന്‍പത് മണിയോടെയാണ് തീര്‍ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ടുതുടങ്ങിയത്.

ബസുകള്‍ക്കായും കാത്തിരിക്കേണ്ടിവന്നു

നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനായും തീര്‍ഥാടകര്‍ കാത്തിരിക്കേണ്ടിവന്നു. വിരലിലെണ്ണാവുന്ന ബസുകള്‍ മാത്രമേ നിലയ്ക്കലില്‍ ഉണ്ടായിരുന്നുള്ളൂ. പമ്പയിലേക്ക് പോയ ആദ്യ നാലു ബസുകളിലും നില്‍ക്കാന്‍പോലും ഇടമില്ലാത്ത തരത്തില്‍ നിറയെ തീര്‍ഥാടകര്‍ ഉണ്ടായിരുന്നു. പിന്നീടെത്തിയവര്‍ക്ക് ബസ് കിട്ടാതെ വന്നതോടെ സ്റ്റേഷന് മുന്‍പില്‍ തീര്‍ഥാടകര്‍ ബഹളംവെച്ചു. പമ്പയില്‍നിന്ന് കൂടുതല്‍ ബസുകളെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.