നിലയ്ക്കല്‍: ശബരിമലയിലേക്ക് ശനിയാഴ്ച പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ നിലയ്ക്കലില്‍ കുടുങ്ങിയ തീര്‍ഥാടകര്‍ ഭക്ഷണത്തിനും വെള്ളത്തിനും വലഞ്ഞു. ആകെയുണ്ടായിരുന്നത് മുകളിലെത്തെ പാര്‍ക്കിങ് ഗ്രൗണ്ടിനോട് ചേര്‍ന്ന് ഒരുഹോട്ടല്‍ മാത്രം. ടി സ്റ്റാളുകളും കാര്യമായി ഉണ്ടായിരുന്നില്ല.

ഇതോടെ ദേവസ്വം ബോര്‍ഡിന്റെ അന്നദാനത്തിന് വലിയതിരക്ക് അനുഭവപ്പെട്ടു. കൂടുതല്‍ തീര്‍ഥാടകര്‍ തങ്ങുന്ന കാര്യം കണക്കിലെടുത്ത് കൂടുതല്‍ ഭക്ഷണത്തിന് ക്രമീകരണങ്ങള്‍ ഒരുക്കാഞ്ഞതാണ് തീര്‍ഥാടകര്‍ ബുദ്ധിമുട്ടാന്‍ കാരണം. സാധാരണ പതിനഞ്ചിലധികം ഹോട്ടലുകള്‍ ഉണ്ടായിരുന്ന നിലയ്ക്കലില്‍ ഇത്തവണ ഒരെണ്ണമേ ഉണ്ടായിരുന്നുള്ളൂ.

കുടിവെള്ളത്തിനായുള്ള വാട്ടര്‍ അതോറിറ്റിയുടെ പ്ലാന്റുകള്‍ ചിലയിടങ്ങളില്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്.

കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനോട് ചേര്‍ന്ന് ഒരെണ്ണം മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതു തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടായി. ദേവസ്വം ബോര്‍ഡിന്റെ ചൂടുവെള്ള വിതരണം മൂന്നിടത്ത് മാത്രമാണ് ക്രമീകരിച്ചത്. പലയിടത്തും ശൗചാലയങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അധികം ആളുകള്‍ എത്തില്ലെന്ന കണക്കുകൂട്ടലില്‍ കണ്ടെയ്‌നര്‍ ശൗചാലയങ്ങളും ബയോ ടോയിലെറ്റുകളും മാത്രമാണ് സജ്ജീകരിച്ചത്. കൂടുതല്‍പേര്‍ എത്തിയതോടെ വെള്ളം തീരുന്ന അവസ്ഥയും കുളിക്കാനുള്ള ബുദ്ധിമുട്ടും തീര്‍ഥാടകര്‍ക്കുണ്ടായി.

കോവിഡ് പരിശോധനാകേന്ദ്രം ഒന്നുമാത്രം

:നിലയ്ക്കലില്‍ കോവിഡ് പരിശോധനയ്ക്കായി കൂടുതല്‍ ലാബുകള്‍ സജ്ജീകരിക്കുമെന്നാണ് ദേവസ്വം മന്ത്രി പങ്കെടുത്ത അവലോകനയോഗത്തില്‍ പറഞ്ഞത്. എന്നാല്‍, നട തുറന്ന് അഞ്ചുദിവസം കഴിഞ്ഞിട്ടും ഒരെണ്ണം മാത്രമാണ് ഇവിടെ സജ്ജീകരിച്ചത്. കുടുതര്‍ പേര്‍ എത്തിയതോടെ ഇവിടെയും തിരക്ക് അനുഭവപ്പെട്ടു.

സാമൂഹിക അകലം ഇവിടെ പാലിക്കപ്പെട്ടില്ല. മൂന്ന് മണിക്കൂറിനുള്ളില്‍ അറിയേണ്ട ഫലം മണിക്കൂറോളം വൈകിയാണ് മിക്കവര്‍ക്കും ലഭിച്ചത്. ഇതരസംസ്ഥാനത്തുനിന്നും വന്ന തീര്‍ഥാടകരില്‍ ചിലര്‍ ഈ ക്രമീകരണത്തെ കുറിച്ച് പോലീസിനോട് പരാതിപ്പെടുകയും ചെയ്തു.