ശബരിമല: ധര്‍മശാസ്താ ക്ഷേത്രത്തിന്റെയും മാളികപ്പുറം ക്ഷേത്രത്തിന്റെയും പുതിയ മേല്‍ശാന്തിമാരെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് അവരോധിച്ചു.

തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ ചടങ്ങുകള്‍ തുടങ്ങി. ശബരിമല മേല്‍ശാന്തിയായി മാവേലിക്കര തട്ടാരമ്പലം കളീക്കല്‍മഠം എന്‍.പരമേശ്വരന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് കല്ലായി കുരുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയും അതത് നടകള്‍ക്കുമുന്നില്‍ ഒരുവര്‍ഷത്തെ പൂജയുടെ ചുമതലക്കാരായി. പൂജിച്ച കലശങ്ങള്‍ അഭിഷേകംചെയ്ത ശേഷം മേല്‍ശാന്തിമാരുടെ കരംപിടിച്ച് തന്ത്രി ശ്രീകോവിലുകളിലേക്ക് കൊണ്ടുപോയി മൂലമന്ത്രങ്ങള്‍ കാതില്‍ ഓതിക്കൊടുത്തു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ശബരിമല മുന്‍മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി, മാളികപ്പുറം മുന്‍മേല്‍ശാന്തി എം.എന്‍.രജികുമാര്‍ നമ്പൂതിരി എന്നിവര്‍ തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ മലയിറങ്ങി.