ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശബരിമല ക്ഷേത്രനട തുറന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി, തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടതുറന്ന് ദീപം തെളിയിച്ചു. ഭസ്മാഭിഷിക്തനായി യോഗനിദ്രയിലായിരുന്ന അയ്യപ്പസ്വാമിയെക്കണ്ട് മലമുകളില്‍ മുഴങ്ങിയ ശരണംവിളികള്‍ ഇനി രണ്ടരമാസത്തോളം അലയടിക്കും.

നടതുറന്നശേഷം മേല്‍ശാന്തി പടിയിറങ്ങിയെത്തി താഴേതിരുമുറ്റത്തെ ആഴി ജ്വലിപ്പിച്ചു. തുടര്‍ന്ന് നിയുക്ത ശബരിമല മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി ശംഭു നമ്പൂതിരിയെയും കൈപിടിച്ച് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. തുടര്‍ന്ന് അവരോധച്ചടങ്ങുകളും നടന്നു. പുതിയ ശാന്തിമാരാണ് വൃശ്ചികം ഒന്നിന് നടകള്‍ തുറക്കുക.

ഡിസംബര്‍ 26 വരെയാണ് മണ്ഡലോത്സവം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30-ന് തുറക്കും. 2022 ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം. ജനുവരി 19 വരെ ദര്‍ശനത്തിനുള്ള അനുമതിയുണ്ട്.

തങ്കഅങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 26-ന് നടക്കും. മകരവിളക്ക് ദിവസമായ ജനുവരി 14-ന് വൈകുന്നേരം 6.30-ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും.