ശബരിമല: ശബരിമലയില്‍ കാണിക്കയായി ലഭിച്ച വരുമാനം ഒന്‍പതുകോടി കവിഞ്ഞു. തീര്‍ഥാടനകാലം തുടങ്ങി ഞായറാഴ്ചവരെയുള്ള കണക്കാണിത്.

കാണിക്ക എണ്ണിത്തിട്ടപ്പെടുത്താന്‍ ബാക്കിയുള്ളതിനാല്‍ യഥാര്‍ഥ വരുമാനം ഇതിലും കൂടുതലായിരിക്കും. രണ്ട് വര്‍ഷമായി ഇതരസംസ്ഥാനത്തുനിന്നുള്ള ഭക്തര്‍ ദര്‍ശനത്തിന് എത്തിയിരുന്നത് കുറവായിരുന്നു. ഇത്തവണ അവരെത്തിയതോടെയാണ് കാണിക്കയില്‍ വര്‍ധനയുണ്ടായത്.

കനത്ത മഴ; ശബരിമലയിലെ വാര്‍ത്താവിനിമയ ബന്ധം തകരാറിലായി

ശബരിമല: കനത്തമഴയില്‍ ശബരിമലയിലെ വാര്‍ത്താവിനിമയ ബന്ധം ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ താറുമാറായി. കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ഞുണങ്ങാര്‍ പാലത്തിനും തകരാര്‍ സംഭവിച്ചു. പാലത്തിന്റെ മുകളിലെ മെറ്റലിങ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. തൊട്ടുപിന്നാലെ പമ്പ കെ.എസ്.ആര്‍.ടി.സി.ക്ക് സമീപം റോഡിന്റെ വശം ഇടിഞ്ഞുതാണു.

ഞായറാഴ്ച രാത്രി പെയ്ത കനത്തമഴയിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നൊന്നായി തകര്‍ന്നത്. വൈകീട്ട് പമ്പയിലെ വെള്ളം പെട്ടെന്ന് ഉയര്‍ന്നതോടെ അല്പനേരത്തേക്ക് തീര്‍ഥാടകര്‍ മല കയറുന്നത് നിര്‍ത്തിവെച്ചു. മഴ കുറഞ്ഞശേഷമാണ് മലകയറാന്‍ അനുവദിച്ചത്.

കാട്ടില്‍ ഉരുള്‍പൊട്ടിയെന്നും പമ്പയിലെ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയെന്നും മറ്റും അഭ്യൂഹങ്ങള്‍ പരന്നതോടെ തീര്‍ഥാടകര്‍ കൂടുതല്‍ ആശങ്കയിലായി. എന്താണ് സംഭവിക്കുന്നതെന്നതിന് വ്യക്തമായ മറുപടി നല്‍കാനാകാതെ അധികൃതരും കുഴഞ്ഞു.

ഒപ്പം ബി.എസ്.എന്‍.എലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും മുറിഞ്ഞു. ഇതോടെ പമ്പയിലെയും സന്നിധാനത്തെയും വാര്‍ത്താവിനിമയ ബന്ധം മുറിഞ്ഞു.

ഇന്റര്‍നെറ്റ് മുടങ്ങിയത് വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കേബിള്‍ നന്നാക്കാനായത്. നല്ല മഴ പെയ്താല്‍ താറുമാറാകുന്ന അടിസ്ഥാനസൗകര്യങ്ങള്‍ മാത്രമാണ് ശബരിമലയിലുള്ളത്.

Content Highlights : Sabarimala income has crossed nine crores