ശബരിമല: ശബരിമല തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പിന്നാക്കംപോയതായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യങ്ങളില്‍ ദേവസ്വം മന്ത്രി മുന്‍കൈയെടുക്കുന്നില്ല. ശബരിമല തീര്‍ഥാടനം എന്നത് ആയുര്‍വേദമാണോ പച്ചമരുന്നാണൊ എന്നുപോലും ദേവസ്വംമന്ത്രിക്കറിയില്ല. ദേവസ്വം മന്ത്രിയായി വിശ്വാസി വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പമ്പാ സ്‌നാനവും ബലിതര്‍പ്പണവും കോവിഡ് മാനദണ്ഡത്തിന്റെ പേരില്‍ തടഞ്ഞിരിക്കുകയാണ്. ഈ ആചാരങ്ങളൊക്കെ കോവിഡിന്റെ പേരില്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണ്. കൂടാതെ, കോട്ടാങ്ങല്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികളുടെ യൂണിഫോമില്‍ പി.എഫ്.ഐ. പ്രവര്‍ത്തകര്‍ ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ പതിച്ചിട്ട് പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപിച്ചു. ഒ.ബി.സി.മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എ.വി.അരുണ്‍ പ്രകാശ്, ജില്ലാ സെക്രട്ടറി ഷൈന്‍ ജി.കുറുപ്പ്, അയിരൂര്‍ മണ്ഡലം പ്രസിഡന്റ് സിനു പണിക്കര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.