ശബരിമല: പത്താം വയസ്സില്‍ തുടങ്ങിയതാണ് പട്ടുനൂലുകള്‍ക്കിടയില്‍ രാമചന്ദ്രന്റെ ജീവിതം. പ്രശസ്തമായ കാഞ്ചീപുരം പട്ടുസാരികളില്‍ ആയിരക്കണക്കിന് എണ്ണം ഈ അറുപത്തിയഞ്ചുകാരന്റെ കൈകളിലൂടെ രൂപമെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ സന്നിധാനത്ത് തെങ്ങിന്‍തൈ നടുമ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്. 36 വര്‍ഷമായി സന്നിധാനത്ത് എത്തുന്നു. ഒടമ്പ് (ശരീരം) നന്നാക്കി നിലനിര്‍ത്തുന്നതിന് അയ്യപ്പനെ വണങ്ങുന്നത് തെറ്റിക്കാനാവില്ല'

വര്‍ഷത്തില്‍ ഒരിക്കലുള്ള ശബരിമല യാത്ര നല്‍കുന്ന ശാരീരികവും ആത്മീയവുമായ സൗഖ്യത്തിന്റെ നേര്‍ചിത്രമാണ് രാമചന്ദ്രന്റെ വാക്കുകളില്‍നിന്ന് വായിച്ചെടുക്കാനാവുക.

1984-ല്‍ തുടങ്ങിയ തീര്‍ഥാടനമാണ്. 2003-ല്‍ 18 കൊല്ലം പൂര്‍ത്തിയാക്കിയപ്പോള്‍ ആദ്യ തെങ്ങിന്‍തൈ നട്ടു. അന്ന് മേല്‍ശാന്തിക്കും തന്ത്രിക്കും കാഞ്ചീപുരം പട്ട് നല്‍കിയിരുന്നു. ഇത്തവണ 36 കൊല്ലം പൂര്‍ത്തിയാക്കി. ചില സാങ്കേതിക കാരണങ്ങളാല്‍ പട്ട് കൊണ്ടുവരാന്‍ കഴിഞ്ഞില്ല. അടുത്ത കൊല്ലം മാളികപ്പുറത്തേക്ക് പട്ടുസാരി കൊണ്ടുവരണമെന്നാണ് ആഗ്രഹം.

ഒരുമാസം രണ്ട് പട്ടുസാരിയാണ് രാമചന്ദ്രന്‍ നെയ്യുക. സാരിയൊന്നിന് 3000 രൂപ കിട്ടും. 6000 രൂപ കൊണ്ട് ഒരു മാസം ജീവിക്കാനാവുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ പരിഭവമോ സങ്കടമോ കണ്ടില്ല.

പൂര്‍ണ തൃപ്തനാണദ്ദേഹം. മകന്‍ കുമാറും നെയ്ത്തുരംഗത്താണ്. വിവാഹിതനായ കുമാറും ഒപ്പമാണ് താമസം. രണ്ടു പേര്‍ക്കുംകൂടി കിട്ടുന്ന 12,000 രൂപ ധാരാളം എന്നാണ് രാമചന്ദ്രന്റെ കാഴ്ചപ്പാട്. മുരുകന്‍ പട്ട് കൂട്ട്രു സംഘത്തിലാണ് രാമചന്ദ്രന്റെ ജോലി.

കുമാറും മക്കളായ രാഹുല്‍, പ്രിയങ്ക എന്നിവരും അടങ്ങുന്ന സംഘത്തിനൊപ്പമാണ് രാമചന്ദ്രന്‍ സന്നിധാനത്ത് എത്തിയത്.

content highlights: sabarimala pilgrimage 2021