ദര്‍ശനത്തിന് വരാന്‍

നിലവില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രമാണ് ദര്‍ശനം അനുവദിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയില്‍ കരുതണം. ആധാര്‍ കാര്‍ഡും ഉണ്ടാകണം. പ്രതിദിനം 30,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി. പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ദര്‍ശനത്തിന് അനുമതിയുണ്ട്. ഇവരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം.

ഹെല്‍പ്പ്ലൈന്‍: 7025800100. www.sabarimalaonline.org

സ്പോട്ട് ബുക്കിങ്

വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാതെ വരുന്നവര്‍ക്ക് സ്‌പോട്ട് ബുക്കിങ്ങിന് അവസരം നിലയ്ക്കലില്‍ ഉണ്ട്. ഇതുപക്ഷേ, പരിമിതമാകും. വെര്‍ച്വല്‍ ക്യൂവില്‍ സ്പോട്ട് ബുക്കിങ് നടത്തുന്നതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ നിലയ്ക്കലില്‍ ഉണ്ടാകും. നേരത്തേ ബുക്ക് ചെയ്ത് കൃത്യസമയത്ത് എത്താത്തവരുടെ എണ്ണം കണക്കാക്കിയാണ് സ്പോട്ട് ബുക്കിങ് നടത്തുക. സ്പോട്ട് ബുക്കിങ് ആവശ്യമുള്ളവര്‍ അല്പനേരം നിലയ്ക്കലില്‍ കാത്തുനില്‍ക്കേണ്ടി വരും. വെര്‍ച്വല്‍ ക്യൂ രേഖകള്‍ പരിശോധിക്കുന്ന 10 കൗണ്ടറുകളും ഇവിടെയുണ്ടാകും. പമ്പ ഗണപതി കോവിലിന് സമീപത്ത് വെര്‍ച്വല്‍ ക്യൂ രേഖകള്‍ പോലീസ് പരിശോധിക്കും. (മോശം കാലാവസ്ഥ പരിഗണിച്ച് താത്കാലികമായി സ്‌പോട്ട് ബുക്കിങ് നിര്‍ത്തി?െവച്ചിട്ടുണ്ട്.)

സ്വകാര്യവാഹനത്തില്‍ വന്നാല്‍

നിലയ്ക്കല്‍ ബേസ് ക്യാമ്പിലാണ് എല്ലാ വാഹനങ്ങള്‍ക്കും പാര്‍ക്കിങ്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം പമ്പയിലേക്ക് അനുമതിയുണ്ടെങ്കിലും തീര്‍ഥാടകരെ ഇറക്കി, തിരികെ നിലയ്ക്കലിലെത്തി പാര്‍ക്ക് ചെയ്യണം. വലിയ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പോകാന്‍ അനുമതിയില്ല. ഈ വാഹനങ്ങളിലെത്തുന്നവര്‍ കെ.എസ്.ആര്‍.ടി.സി.യുടെ നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് ഉപയോഗിക്കണം.

മലകയറ്റം, ഇറക്കം

മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പന്‍ റോഡുവഴി മാത്രമാണ്. പരമ്പരാഗത പാതയായ നീലിമലപ്പാത വഴിയും കാനനനപാത വഴിയും യാത്രാനുമതി ഇല്ല.

നെയ്യഭിഷേകം

നെയ്യഭിഷേകം പരമ്പരാഗതരീതിയില്‍ നടക്കില്ല. തീര്‍ഥാടകര്‍ കൊണ്ടുവരുന്ന നെയ്യ് ശ്രീകോവിലിന് പിറകുവശത്തെ പ്രത്യേക കൗണ്ടറില്‍ ഏറ്റുവാങ്ങും. ശ്രീകോവിലില്‍ അഭിഷേകം ചെയ്ത് മാളികപ്പുറത്തെ പ്രത്യേക കൗണ്ടറിലൂടെ നല്‍കും. അപ്പം, അരവണ എന്നിവ സന്നിധാനത്തെ കൗണ്ടറില്‍നിന്ന് വാങ്ങാം. ഉദയാസ്തമയപൂജ, പടിപൂജ എന്നിവയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം.

കുടിവെള്ളം

പ്ലാസ്റ്റിക്കിന് വിലക്കുള്ളതിനാല്‍ സന്നിധാനത്ത് വെള്ളവുമായി പോകാന്‍ സ്റ്റീല്‍കുപ്പി നല്‍കും. 100 രൂപ കരുതല്‍ധനമായി നല്‍കണം. മടങ്ങിവന്ന് കുപ്പി നല്‍കുമ്പോള്‍ ഈ പണം മടക്കി നല്‍കും.എല്ലാ കുപ്പികളും അണുമുക്തമാക്കാനും സൗകര്യമുണ്ട്. നിലയ്ക്കല്‍ നടപ്പന്തല്‍, പമ്പ, മരക്കൂട്ടം,വലിയ നടപ്പന്തല്‍ എന്നിവിടങ്ങളില്‍ ചുക്കുവെള്ളം ഉണ്ടാകും.

വിരിവെക്കാന്‍ അനുവാദമില്ല

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സന്നിധാനത്തും പമ്പയിലും തങ്ങുന്നതിന് അനുമതിയില്ല. മലകയറുന്ന ഭക്തര്‍ ദര്‍ശനം നടത്തി വൈകീട്ടോടെ തന്നെ മലയിറങ്ങണം. ഗസ്റ്റ് ഹൗസുകളിലും മറ്റും മുറി ബുക്കിങ്ങും ഉണ്ടാകില്ല. പമ്പയിലും സന്നിധാനത്തും വിരി വെക്കുന്ന സാഹചര്യം ഒഴിവാക്കി യാത്ര ക്രമീകരിക്കണം.

അന്നദാനം

നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനം ഉണ്ടാകും. അയ്യപ്പസേവാസംഘത്തിന്റെ അന്നദാനം പമ്പയിലും സന്നിധാനത്തുമാണ് ക്രമീകരിച്ചിട്ടുള്ളത്. അയ്യപ്പസേവാസംഘം സന്നിധാനം, പമ്പ, നിലയ്കല്‍, എരുമേലി, മരക്കൂട്ടം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് തുറക്കും.