കോട്ടയം: ചൊവ്വാഴ്ച വൃശ്ചികം ഒന്ന്. മണ്ഡലകാലം തുടങ്ങുന്നു. വ്രതശുദ്ധിയുടെ കാലമായി. കോവിഡ് കാലമായതിനാല്‍ മണ്ഡലചിറപ്പ് ആഘോഷങ്ങള്‍ പതിവ് പോലെ ഉണ്ടാകില്ല. എങ്കിലും ശരണം വിളിയും ചിറപ്പും നിയന്ത്രണങ്ങളോടെ നടക്കും. ജില്ലയിലെ വിവിധ അയ്യപ്പ പുണ്യസങ്കേതങ്ങളിലൂടെ.

എരുമേലി ധര്‍മശാസ്താക്ഷേത്രം

എരുമേലി: എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചിന് നടതുറന്ന് 11-ന് അടയ്ക്കും. വൈകീട്ട് അഞ്ചിന് നടതുറന്ന് രാത്രി എട്ടിനാണ് അടയ്ക്കുന്നത്. മണ്ഡല-മകരവിളക്ക് കാലത്ത് പുലര്‍ച്ചെ 4.30-ന് നട തുറക്കും. തിരക്കനുസരിച്ച് ഉച്ചക്ക് 12 മണിവരെ ദര്‍ശന സൗകര്യം ഉണ്ടാവും. വൈകുന്നേരവും തിരക്കനുസരിച്ചാണ് ദര്‍ശന സമയം. നീരാജനം, അര്‍ച്ചന, കടുംപായസം, എള്ളുപായസം തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. തീര്‍ത്ഥാടനകാലത്ത് അപ്പം, അരവണ വഴിപാട് വിതരണവും ഉണ്ട്.

മണ്ഡലകാലം സമാപിക്കുന്ന 41-ാം നാള്‍ കളഭാഭിഷേകവും മണ്ഡലപൂജയും ഉണ്ട്.

നെടുംകുന്നം ധര്‍മശാസ്താക്ഷേത്രം

നെടുംകുന്നം: കറുകച്ചാല്‍-മണിമല റോഡില്‍ നെടുംകുന്നം കവലയില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. 74-ാം നമ്പര്‍ അയ്യപ്പസേവാസംഘത്തിനാണ് ക്ഷേത്ര ചുമതല. എല്ലാ മണ്ഡലകാലത്തും ചിറപ്പ് ഉത്സവം നടത്താറുണ്ട്. അയ്യപ്പഭക്തര്‍ക്കായി ഇടത്താവളവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാറുണ്ട്. വൃശ്ചികം ഒന്നുമുതല്‍ ധനു 11 വരെ എല്ലാദിവസവും വിശേഷാല്‍ പൂജയും ഭജനയും നടത്തും. രാജീവ് നമ്പൂതിരിയാണ് മേല്‍ശാന്തി.

വെന്നിമല മലകുന്നം ശ്രീധര്‍മശാസ്താക്ഷേത്രം

പയ്യപ്പാടി: ശ്രീരാമലക്ഷ്മണന്മാര്‍ വാഴുന്ന വെന്നിമലയുടെ താഴ്‌വാരത്തിലാണ് മലകുന്നം ശ്രീധര്‍മശാസ്താക്ഷേത്രം. പഴയിടം നായര്‍ കുടുംബത്തിലെ ഒരുഗുരു ശബരിമല ഉപാസകനായിരുന്നു. വാര്‍ധക്യത്തില്‍ രോഗാവസ്ഥ അലട്ടിയപ്പോള്‍ അയ്യപ്പന്‍ സ്വപ്നദര്‍ശനത്തില്‍ മലകുന്നത്ത് തന്റെ സാന്നിധ്യമുണ്ടെന്നറിയിച്ചു. അയ്യപ്പസാന്നിധ്യം അനുഭവവേദ്യമായ അവിടെ ഗുരു ആരാധന തുടങ്ങിയെന്നുമാണ് ഐതിഹ്യം. ക്ഷേത്രനടയില്‍ മുദ്ര നിറയ്ക്കാനും വിഗ്രഹത്തില്‍ ആടിയ നെയ്യ് പ്രസാദമായി സ്വീകരിക്കാനും സൗകര്യമുണ്ട്. പൈങ്കുനി ഉത്രത്തിന് സമൂഹ നെയ്യഭിഷേകവും മകരവിളക്കിന് സമൂഹനീരാജനവും ഉണ്ട്. ജനുവരി 25-ന് കലശദിനചടങ്ങുകള്‍ തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

ഉള്ളനാട് ക്ഷേത്രം

പാലാ: ഉള്ളനാട് ഗ്രാമത്തിന്റെ ദേവനാണ് ശ്രീധര്‍മശാസ്താവെന്നാണ് വിശ്വാസം. നാട്ടിലെ ഒരു പഴയ തറവാട്ടുകാരണവര്‍ തീര്‍ഥാടനം കഴിഞ്ഞ് വന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടയ്ക്കൊപ്പം വന്ന് അറയില്‍ കുടികൊണ്ടതാണ് ശാസ്താചൈതന്യം എന്ന് വിശ്വസിക്കുന്നു. എന്‍.എസ്.എസ്. കരയോഗമാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ നടത്തിപ്പ്. ക്ഷേത്രം തന്ത്രി മാള അന്നമനടയിലുള്ള കാശാംകോടത്ത് മന നാരായണന്‍ നമ്പൂതിരി .സാധാരണദിവസങ്ങളില്‍ ഒരുനേരത്തെ പൂജ മാത്രമേ ഇവിടെ ഉള്ളു. വൃശ്ചികം ഒന്നുമുതല്‍ 41 ദിവസം രണ്ടുനേരം പൂജയും ദീപാരാധനയം സന്ധ്യക്ക് നാമജപവും പതിവുണ്ട്. മണ്ഡലകാലം കൂടുന്ന അന്ന് മാളികപ്പുറത്ത് കുരുതി നടത്തുന്നു. പാലാ-തൊടുപുഴ റൂട്ടില്‍ പ്രവിത്താനം ജങ്ഷനില്‍നിന്നും മൂന്നുകിലോമീറ്റര്‍ കിഴക്കോട്ട് മാറിയാണ് ക്ഷേത്രം

കടയനിക്കാട് ശാസ്താക്ഷേത്രം

മണിമല: കടയനിക്കാട് ശാസ്താക്ഷേത്രത്തില്‍ ബാലശാസ്താവാണ് പ്രതിഷ്ഠ. ഗണപതി, വിഷ്ണു, ശിവന്‍, സുബ്രഹ്മണ്യന്‍, ഭദ്രകാളി, രക്ഷസ്, നാഗരാജാവ്, നാഗയക്ഷി എന്നീ ഉപദേവാലയങ്ങളുമുണ്ട്.

വൃശ്ചികം ഒന്നുമുതല്‍ ധനു 11 വരെ എല്ലാദിവസവും വിശേഷാല്‍ പൂജകളും ദീപാരാധനയ്ക്കുശേഷം ഭജനയും ഉണ്ടായിരികും.

കാലായി മഠത്തില്‍ ജയപ്രകാശ് നമ്പൂതിരിയാണ് മേല്‍ശാന്തി. കടയനിക്കാട് 733-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ ഭരണസമിതിക്കാണ് ക്ഷേത്രത്തിന്റെ ചുമതല.

പെരുവന്താനംഅയ്യപ്പക്ഷേത്രം

പെരുവന്താനം: പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയതായ ഐതീഹ്യമാണ് ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിനുള്ളത്. മണ്ഡലകാല ആരംഭത്തിന്റെ ഭാഗമായി ഭക്തര്‍ ഇവിടെയെത്തി മാലയിടുക എന്നത് മാത്രമാണ് ആചാരത്തിന്റെ ഭാഗമായി എല്ലാവര്‍ഷവും നടത്തുക. വഞ്ചിപ്പുഴ മഠം വകയായിരുന്ന ക്ഷേത്രം പിന്നീട് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു.

19-ന് ക്ഷേത്രത്തില്‍ കളമെഴുത്തും പാട്ടും നടത്തും. തുടര്‍ച്ചയായി കൊടിയേറി പ്രതിഷ്ഠാദിന മഹോത്സവും നടത്തും.

ഞരളപ്പുഴ ശ്രീധര്‍മശാസ്താക്ഷേത്രം

വയലാ: അറുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ളതാണ് വയലാ ഞരളപ്പുഴ ശ്രീധര്‍മശാസ്താക്ഷേത്രം. വയലാ കീഴേടത്ത് ഇല്ലത്തിന്റെ അധീനതയിലുള്ളതാണ് ക്ഷേത്രം. കുറച്ച് ശിലകള്‍ കൂട്ടിവെച്ചിരിക്കുന്നതാണ് ബിംബം. ശ്രീകോവിലിന് മേല്‍ക്കൂരയില്ല. മഴയും വെയിലും ഏറ്റാണ് ബിംബം ഇരിക്കുന്നത്.

മണ്ണിലാണ് താനും. പീഠം ഇല്ല. മണ്ഡലകാലത്ത് വൃശ്ചികം ഒന്നുമുതല്‍ വൈകീട്ട് വിശേഷാല്‍ ദീപാരാധന. ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ ചേര്‍ന്ന് ഹരിവരാസനം പാടി നട അടയ്ക്കും. കീഴേടത്ത് ഇല്ലത്ത് നീലകണ്ഠന്‍ നമ്പൂതിരി 1970 കാലഘട്ടത്തില്‍ ശബരിമല മേല്‍ശാന്തിയായിരുന്നു.

ഇതിനുശേഷം ഞരളപ്പുഴ ക്ഷേത്രത്തിലും. ഹരിവരാസനം പാടിയാണ് നട അടയ്ക്കുന്നത്. കീഴേടത്ത് ഇല്ലത്ത് രാമന്‍ നമ്പൂതിരിയാണ് മേല്‍ശാന്തി.

തിരുനക്കര ശാസ്താനട

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ശാസ്താനടയില്‍ ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 26 വരെ മണ്ഡലം ചിറപ്പ് മഹോത്സവം നടക്കും.

എല്ലാദിവസവും രാവിലെ അഷ്ടാഭിഷേകം, വൈകീട്ട് ഭജന, വിശേഷാല്‍ പൂജകള്‍ എന്നിവയാണ് ഭക്തരുടെ വഴിപാടായി നടത്തുന്ന മണ്ഡലം ചിറപ്പിന്റെ പ്രധാന ചടങ്ങുകള്‍.

തിരുനക്കര ക്ഷേത്രസങ്കേതത്തിലെ ശിവശക്തി ഓഡിറ്റോറിയത്തില്‍ തീര്‍ഥാടകര്‍ക്ക് വിരിവെച്ച് വിശ്രമിക്കാനും വാഹന പാര്‍ക്കിങ്ങിനും സൗകര്യം ഉണ്ട്.

ശാസ്താനടയില്‍ അയ്യപ്പന്‍മാര്‍ക്ക് കെട്ട് നിറയ്ക്കുന്നതിന് 24 മണി ക്കൂറും പെരിയ സ്വാമിമാരുടെ സേവനം ഉണ്ടായിരിക്കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി.ഗണേശ്, സെക്രട്ടറി അജയ് ടി.നായര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.കൃഷ്ണചന്ദ്രന്‍ തുടങ്ങിയവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വഴിപാടു സമര്‍പ്പണത്തിന് ദേവസ്വം ഓഫീസുമായി ബന്ധപ്പെടാം.

ഇളമ്പള്ളി ധര്‍മശാസ്താക്ഷേത്രം

പള്ളിക്കത്തോട്: മണ്ഡലകാലത്ത് ഏറ്റവും പ്രാധാന്യമുള്ള അയ്യപ്പക്ഷേത്രങ്ങളില്‍ ഒന്നാണ് ഇളമ്പള്ളി ധര്‍മശാസ്താക്ഷേത്രം.

ഭക്തര്‍ക്കുവേണ്ടി കെട്ടുനിറയ്ക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദിവസവും വൈകീട്ട് ഭജനയും ചിറപ്പും നടത്തും.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

ഏറ്റുമാനൂര്‍ : പ്രധാന ഇടത്താവളമായ മഹാദേവക്ഷേത്രത്തിലെ ശാസ്താവിന്റെ നടയില്‍ മണ്ഡല ഉത്സവഭാഗമായി വിശേഷാല്‍ പൂജകളും വൈകീട്ട് ദീപാരാധനയുമുണ്ട്. 41 ദിവസവും കളമെഴുത്തും പാട്ടും നടക്കും. ചിറപ്പ് ഉത്സവത്തിനും ചൊവ്വാഴ്ച തുടക്കം കുറിക്കും.

ക്ഷേത്രമൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ ചിറപ്പ് ഉത്സവമണ്ഡപത്തില്‍ രാവിലെ ഏഴിന് ക്ഷേത്രസന്നിധിയില്‍നിന്ന് എഴുന്നെള്ളിച്ച് കൊണ്ടുവരുന്ന അയ്യപ്പവിഗ്രഹം പ്രതിഷ്ഠിക്കും.

നിത്യവും ദീപാരാധനയും വിശേഷാല്‍ വഴിപാടുകളുമുണ്ട്.