ശബരിമല : മൂന്നുവർഷമായി ശബരിമലയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞിരുന്ന ശ്രീകുമാറിന് അതിൽനിന്ന് മോചനമായി. സംസ്ഥാന സർക്കാരിന്റെ വെബ്‌സൈറ്റിൽ ശബരിമലയുടെ ഹെൽപ്പ്‌ലൈൻ നമ്പരായി തൃപ്പൂണിത്തുറ സ്വദേശി സി.ജി. ശ്രീകുമാറിന്റെ നമ്പരാണ് ചേർത്തിരിക്കുന്നതെന്ന വിവരം മാതൃഭൂമി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടി ഉണ്ടായത്. www.sabarimala.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് ഇതുണ്ടായിരുന്നത്.

വാർത്ത, വെബ്‌സൈറ്റ് രൂപകൽപ്പനചെയ്ത സർക്കാർ സ്ഥാപനമായ സി-ഡിറ്റിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ ശ്രീകുമാറിനെ ബന്ധപ്പെട്ടു.

വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം വെബ്‌സൈറ്റിൽനിന്ന് ശ്രീകുമാറിന്റെ നമ്പർ നീക്കി. ഇപ്പോൾ വെബ്‌സൈറ്റിൽ പോലീസ് കൺട്രോൾ റൂം ആൻഡ് ഹെൽപ്പ്‌ലൈൻ നമ്പർ എന്നതിന് താഴെ 04735-202100, 04735-202016, 9946100100 എന്നാണുള്ളത്. ശ്രീകുമാർ ഉപയോഗിക്കുന്ന ഫോൺ നമ്പർ മുമ്പ് പോലീസിന്റെ ഹെൽപ്പ്‌ലൈൻ നമ്പരായിരുന്നെന്ന് സി-ഡിറ്റ് അധികൃതർ പറഞ്ഞു. പിന്നീട് ആ നമ്പർ റദ്ദാക്കി.

റദ്ദാക്കുന്ന നമ്പരുകൾ കുറേനാൾ കഴിഞ്ഞ്, സേവനദാതാക്കൾ മറ്റാർക്കെങ്കിലും നൽകുന്ന രീതി ഉണ്ട്. ഇങ്ങനെയാണ് ശ്രീകുമാറിന് നമ്പർ കിട്ടിയത്. ബിസിനസുകാരനാണ് ശ്രീകുമാർ. മൂന്നുകൊല്ലത്തെ ഈ 'സേവനം' കൊണ്ട് ശബരിമലയിലെ എല്ലാ ചടങ്ങുകളും നടതുറപ്പ് സമയവുമൊക്കെ ശ്രീകുമാറിന് നല്ല നിശ്ചയമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് കോളുകൾ വന്നിരുന്നു. സംസ്ഥാന പോലീസ് മേധാവിക്ക് ഈ വിഷയംകാണിച്ച് ഇ-മെയിൽ അയച്ചിരുന്നെങ്കിലും പരിഹാരമുണ്ടായത് ഇപ്പോഴാണ്.