ശബരിമല: അരവണയ്ക്ക് എന്താ വില...? ശബരിമലയില്‍ മഴയുണ്ടോ...? ദര്‍ശനത്തിന് പോയതല്ലാതെ ശബരിമലയുമായി ഒരു ബന്ധവുമില്ലാത്ത ശ്രീകുമാര്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇത്തരം നൂറുകണക്കിന് ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു മൂന്നുവര്‍ഷമായി.

സര്‍ക്കാര്‍ വെബ്സൈറ്റില്‍ 'പോലീസ് കണ്‍ട്രോള്‍ റൂം ആന്‍ഡ് ഹെല്‍പ്പ്ലൈന്‍' എന്ന പേരില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പര്‍ തൃപ്പൂണിത്തുറ ഏരൂര്‍ ചാണയില്‍ വീട്ടില്‍ സി.ജി.ശ്രീകുമാര്‍ എന്ന ബിസിനസുകാരന്റേതാണ്.

www.sabarimala.kerala.gov.in എന്ന സര്‍ക്കാര്‍ വെബ്സൈറ്റിലാണ് ശ്രീകുമാറിന്റെ ഫോണ്‍ നമ്പരുള്ളത്.

കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുവരുന്ന കോളുകള്‍ക്ക് കൈയ്യുംകണക്കുമില്ല. സാധാരണക്കാര്‍ മുതല്‍ സംസ്ഥാന മന്ത്രിമാര്‍വരെ കൂട്ടത്തിലുണ്ടാവും.

ഇംഗ്ലീഷില്‍ മറുപടി പറഞ്ഞുകൊടുത്താലും ചിലര്‍ക്ക് അവരുടെ ഭാഷയില്‍ മറുപടിവേണമെന്ന് വാശിയും ഉണ്ടാവും. ഇതിനായി പലവട്ടം വിളിച്ചുകൊണ്ടിരിക്കും.

ഓരോ മലയാളമാസവും എന്നാണ് തുടങ്ങുന്നതെന്ന് ശ്രീകുമാറിനെ 9847000100 എന്ന ഫോണ്‍ നമ്പരാണ് ഓര്‍മിപ്പിക്കുന്നത്. വൃശ്ചികംപിറന്നാല്‍ പിന്നെ മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ നിര്‍ത്താതെ ശബ്ദിക്കുന്ന ഫോണായി ഇതുമാറും. എസ്.ആര്‍.കെ. എന്ന ബിസിനസ് ഗ്രൂപ്പിന്റെ എം.ഡി.യായ ശ്രീകുമാറിന് ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള കോളുകള്‍പോലും 'ഹെല്‍പ്പ്ലൈന്‍' മൂലം കിട്ടാതെപോകുന്നെന്ന് അദ്ദേഹം പറയുന്നു. ശബരിമലയിലെ വിവരങ്ങള്‍ പത്രങ്ങളില്‍നിന്നുംമറ്റും ശേഖരിച്ചുവെച്ച് പരമാവധി പറഞ്ഞു കൊടുക്കാറുണ്ടെങ്കിലും അടുത്തിടെയായി കോളുകളുടെ എണ്ണം വലിയതോതില്‍ കൂടിയപ്പോള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് തടസ്സമുണ്ടാകാന്‍ തുടങ്ങി.

ഇതേത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി.

അവിടന്നുള്ള മറുപടി പ്രകാരമുള്ള മെയില്‍ ഐ.ഡി.യിലേക്ക് പരാതി ഇ-മെയില്‍ ചെയ്‌തെങ്കിലും ഫോണ്‍നമ്പര്‍ ഇപ്പോഴും സൈറ്റില്‍ത്തന്നെ കിടപ്പുണ്ട്. വെബ്സൈറ്റ് രൂപകല്പന ചെയ്തതും പരിപാലിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ സി-ഡിറ്റാണ്. അവര്‍ വിചാരിച്ചാലേ പ്രശ്നം പരിഹരിക്കാനാകൂ.

ഈ ഫോണ്‍നമ്പര്‍ മുമ്പ് പോലീസില്‍ ഉപയോഗിച്ചിരുന്നതാവാനാണ് സാധ്യത. പിന്നീട് പോലീസ് ഈ നമ്പര്‍ റദ്ദാക്കിയിട്ടുണ്ടാവണം. റദ്ദാക്കുന്ന നമ്പരുകള്‍ കുറേനാള്‍ കഴിഞ്ഞ് സേവനദാതാക്കള്‍ മറ്റാര്‍ക്കെങ്കിലും നല്‍കുന്ന രീതി ഉണ്ട്. അങ്ങനെ ശ്രീകുമാറിന് ഈ നമ്പര്‍ കിട്ടിയതാവാനാണ് സാധ്യത.