ശബരിമല: മാലിന്യവീപ്പകള്‍ തട്ടിത്തെറിപ്പിച്ച് തീര്‍ഥാടകര്‍ക്ക് ഇടയിലൂടെ മുട്ടിയുരുമി നടന്നിരുന്ന കാട്ടുപന്നികള്‍ പമ്പയിലും സന്നിധാനത്തും സ്ഥിരം കാഴ്ചയാണ്. സന്നിധാനത്ത് വഴികളിലെല്ലാം ഇവയെ കാണാം.

ഭക്ഷണ അവശിഷ്ടങ്ങളും മാലിന്യങ്ങളും തിന്നാനാണ് ഇവ വരുന്നത്. പലപ്പോഴും ഭക്തര്‍ക്ക് ഉപദ്രവം സൃഷ്ടിച്ചിരുന്നു. ഇത്തവണ പക്ഷേ പന്നികള്‍ കുറവാണ്. തീര്‍ഥാടകര്‍ കുറഞ്ഞപ്പോള്‍ ഭക്ഷണാവശിഷ്ടങ്ങളും മാലിന്യവും കുറഞ്ഞു. തീര്‍ഥാടനകാലം മുന്‍നിര്‍ത്തി വനം വകുപ്പ് പന്നികളെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടതും ഗുണം ചെയ്തു..

കോവിഡ്മൂലം എട്ടുമാസമായി ശബരിമലയില്‍ മാസപൂജ ഇല്ല.

മണ്ഡല കാലത്ത് ദിവസം വരുന്നത് 1000 തീര്‍ഥാടകരും. ഇതോടെ സന്നിധാനത്ത് മാലിന്യങ്ങള്‍ കുറഞ്ഞു. പന്നികള്‍ക്ക് ഭക്ഷണം കിട്ടാത്ത സ്ഥിതിവന്നു. മണ്ഡല കാലത്തിന് മുന്നോടിയായി പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍നിന്ന് 45 പന്നികളെ ഉള്‍ക്കാട്ടിലേക്ക് മാറ്റിയതായി പമ്പ വനം റേഞ്ച് ഓഫീസര്‍ അജയഘോഷ് പറഞ്ഞു. വലിയ നടപ്പന്തല്‍ തുടങ്ങി സന്നിധാനത്ത് പ്രധാന ഇടങ്ങളില്‍ അലഞ്ഞുതിരിയുന്ന പന്നികളെ ആണ് കാട്ടിലേക്ക് ഓടിച്ചുവിട്ടത്. ഇപ്പോള്‍ പന്നിയുടെ ശല്യം ഇല്ല. വളരെ കുറച്ചുമാത്രം ചിലയിടങ്ങളില്‍

കാണുന്നുണ്ട്. മാലിന്യങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് പന്നികള്‍ കുറഞ്ഞതെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

മാലിന്യങ്ങള്‍ പെരുകിയാല്‍ ഇവ വീണ്ടും വരാന്‍ സാധ്യതയുണ്ട്. തീര്‍ഥാടകര്‍ കൂടുന്നമുറയ്ക്ക് മാലിന്യങ്ങള്‍ ഉടനടി മാറ്റാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും കഴിഞ്ഞാല്‍ പന്നികളുടെ ശല്യം ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിയും