ശബരിമല: ശരണമന്ത്രങ്ങളുമായി അയ്യപ്പസന്നിധിയുണര്‍ന്നു. ഇനി വ്രതശുദ്ധിയുടെ തീര്‍ഥാടനകാലം. കോവിഡ് മഹാമാരിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളതുമൂലം തീര്‍ഥാടകപ്രവാഹം ദൃശ്യമാവേണ്ടിയിരുന്ന പമ്പയിലും നിലയ്ക്കലിലും ആളും ആരവങ്ങളുമില്ല. തീര്‍ഥാടകര്‍ തിങ്ങിനിറഞ്ഞിരുന്ന വലിയ നടപ്പന്തല്‍ ശൂന്യം. സ്വാമി അയ്യപ്പന്‍ റോഡിലും
ചന്ദ്രാനന്ദന്‍പാതയിലും നൂറ്റെട്ട് പടിയിലും നടക്കാന്‍പോലും ആരുമില്ല. വിരിവെയ്ക്കാനുള്ള തിരക്കുകൂട്ടലും എങ്ങുമില്ല. സന്നിധാനത്തേക്കുള്ള വഴികളില്‍ ഒരിടത്തും വാണിഭക്കാരും ഇല്ല. എല്ലായിടത്തും ശാന്തത.
മണ്ഡല-മകരവിളക്ക് ഉത്സവത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ശബരിമല ധര്‍മശാസ്താക്ഷേത്രനട തുറന്നു.
തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിച്ചു. ശേഷം ഉപദേവതാ ക്ഷേത്രനടകളും തുറന്ന് വിളക്ക് തെളിച്ചു. പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകര്‍ന്നു.തുടര്‍ന്ന് തന്ത്രി വിഭൂതിപ്രസാദം വിതരണം ചെയ്തു. നിയന്ത്രണംമൂലം ഇത്തവണ നട തുറന്ന ദിവസം ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതിയില്ലായിരുന്നു.
പ്രത്യേക പൂജകള്‍ ഒന്നുംതന്നെ ഉണ്ടായില്ല. തുടര്‍ന്ന് നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയുടെയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍.രജികുമാറിന്റെയും അഭിഷേക-അവരോധിക്കല്‍ ചടങ്ങുകള്‍ നടന്നു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി പതിനെട്ടാംപടിക്ക് മുകളില്‍വെച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനുമുന്നിലേക്ക് ആനയിച്ചു. പിന്നീട് തന്ത്രി കണ്ഠര് രാജീവര് ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍വെച്ച് അഭിഷേകം നടത്തി അവരോധിച്ചു. ശേഷം തന്ത്രി മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ചുകയറ്റി തിരുനട അടച്ചശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി. മാളികപ്പുറം ക്ഷേത്രശ്രീകോവിലിനുമുന്നില്‍വെച്ച് മേല്‍ശാന്തി എം.എന്‍.രജികുമാറിനെയും അഭിഷേകം നടത്തി അവരോധിച്ചു. വൃശ്ചികം ഒന്നായ തിങ്കളാഴ്ച പുലര്‍ച്ചെ പുറപ്പെടാശാന്തിമാരായ ഇവരായിരിക്കും ഇരു ക്ഷേത്രനടകളും തുറക്കുക.
ഒരു വര്‍ഷത്തെ കര്‍ത്തവ്യം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി രാത്രിതന്നെ പതിനെട്ടാംപടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങി. നടതുറന്നപ്പോള്‍ ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എന്‍.വാസു, അംഗങ്ങളായ അഡ്വ. എന്‍.വിജയകുമാര്‍, കെ.എസ്.രവി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെമുതല്‍ ഭക്തരെ മല കയറാന്‍ അനുവദിക്കും. രാവിലെ അഞ്ചിന് നട തുറക്കും.
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് ദര്‍ശനത്തിനായി എത്തിച്ചേരുക. 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിന് ഡിസംബര്‍ 30-ന് നട തുറക്കും. 2021 ജനുവരി 14-നാണ് മകരവിളക്ക്.