പത്തനംതിട്ട: മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ചമുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക. വെര്‍ച്വല്‍ക്യൂവഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം.

ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്കുശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എം.എന്‍.രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകംചെയ്ത് അവരോധിക്കും. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എ.കെ.സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്.പരമേശ്വരന്‍ നമ്പൂതിരിയും രാത്രിയില്‍ത്തന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുന്നത്.

നെയ്യ് പ്രത്യേക കൗണ്ടറില്‍ ഏല്പിക്കണം

നെയ്യഭിഷേകം നേരിട്ട് നടത്താനാകില്ല. നെയ്‌ത്തേങ്ങ ദേവസ്വം ബോര്‍ഡിന്റെ പ്രത്യേക കൗണ്ടറില്‍ ഏല്പിക്കണം. മാളികപ്പുറം ദര്‍ശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോള്‍ ആടിയശിഷ്ടം നെയ്യ് ലഭിക്കും.

കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

24 മണിക്കൂറിനുളളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കരുതണം. ഇല്ലാത്തവര്‍ക്ക് നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന ഉണ്ടാകും. പോസിറ്റീവ് ആകുന്നവരെ റാന്നിയിലെ സി.എഫ്.എല്‍.ടി.സി.യിലേക്ക് മാറ്റും.

ചെറിയ വാഹനങ്ങളെ പമ്പയിലേക്ക് അനുവദിക്കും

ചെറിയ വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടുമെങ്കിലും തീര്‍ഥാടകരെ ത്രിവേണിയില്‍ ഇറക്കിയശേഷം നിലയ്ക്കലില്‍ പാര്‍ക്കുചെയ്യണം.

യാത്രാനുമതി

വടശ്ശേരിക്കര-പമ്പ, എരുമേലി-പമ്പ വഴികളില്‍ക്കൂടി മാത്രമാണ് ഇത്തവണ ശബരിമലയിലേക്ക് യാത്രാനുമതിയുള്ളത്.