ശബരിമല: ഭഗവാനും ഭക്തനും ഒന്നാവുന്ന ശബരീശ സന്നിധിയില്‍ ദര്‍ശന പുണ്യം തേടി ഭക്തരെത്തി. വൃശ്ചികപ്പുലരിയില്‍ പുലര്‍ച്ചെ അഞ്ചിന് മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ നട തുറന്നപ്പോള്‍ എങ്ങും ശരണ മന്ത്രങ്ങളുയര്‍ന്നു. പതിനെട്ടാംപടി കയറി ആദ്യമെത്തിയത് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ശിവശങ്കരന്‍ എന്ന ഭക്തനായിരുന്നു.

തിങ്കളാഴ്ച വെളുപ്പിന് തന്നെ ഭക്തരെ പമ്പയില്‍നിന്നു സന്നിധാനത്തേക്ക് കയറ്റിവിട്ടിരുന്നു. സ്വാമി അയ്യപ്പന്‍ റോഡ് വഴി മാത്രമാണ് ഇത്തവണ പ്രവേശനം. കോവിഡ് നിയന്ത്രണം പാലിച്ചു വലിയ നടപ്പന്തലില്‍ കൃത്യമായ അകലം പാലിച്ചാണ് ഭക്തരെ നിര്‍ത്തിയത്. നടപ്പന്തലിലേക്ക് കയറുമ്പോള്‍ തന്നെ ശുദ്ധജലം കൊണ്ട് അയ്യപ്പന്മാരുടെ

കാല്‍ ശുചിയാക്കാന്‍ സംവിധാനം ഉണ്ടായിരുന്നു. നടപ്പന്തലില്‍നിന്നു 20 പേരെ വീതമാണ് പതിനെട്ടാംപടിക്ക് താഴെ കയറ്റിവിടുന്നത്. തുടര്‍ന്ന് ഓരോരുത്തരെ പടി കയറ്റി.

പടിക്ക് താഴെയും മുകളിലും കൈകള്‍ ശുചിയാക്കിയാണ് ഓരോ ഭക്തരെയും വിടുന്നത്. മാളികപ്പുറം ക്ഷേത്രത്തിലും നിയന്ത്രണം പാലിച്ചുതന്നെയാണ് ദര്‍ശനം.

പോലീസിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴി ബുക്കുചെയ്ത 1000 പേര്‍ക്കാണ് ഒരു ദിവസം ദര്‍ശനത്തിന് അനുമതിയുള്ളത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്നെ 1000-പേരും മലചവുട്ടി സന്നിധാനത്ത് ദര്‍ശനം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു എന്നിവര്‍ രാവിലെ തന്നെ അയ്യനെ കാണാന്‍ എത്തിയിരുന്നു. തിങ്കളാഴ്ച നട തുറന്നശേഷം അഭിഷേകം, മഹാഗണപതിഹോമം തുടര്‍ന്ന് ഏഴുമുതല്‍ 11 വരെ നെയ്യഭിഷേകവും നടന്നു. തിരക്ക് ഒഴിവായതിനാല്‍ ഇത്തവണ പടിപൂജയും ഉദയാസ്തമയപൂജയും ഉണ്ട്. സാധാരണ മണ്ഡലകാലത്ത് പടിപൂജ നടത്താറില്ല. മാസപൂജ സമയത്ത് മാത്രമാണ് പടിപൂജ നടത്തുന്നത്. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷമാണ് പടിപൂജ നടന്നത്. ഈ തീര്‍ഥാടന കാലം മുഴുവന്‍ പടിപൂജയും ഉദയാസ്തമയപൂജയും ഉണ്ടാവും. അത്താഴ പൂജയ്ക്കുശേഷം രാത്രി ഒമ്പതിന് ഹരിവരാസനം പാടി നട അടച്ചു.