ശബരിമല: ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍, വിവിധ ജീവനക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

മലകയറുന്നവര്‍ 24 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

മലകയറുന്നവര്‍ക്കായി നിലയ്ക്കലില്‍ ആരോഗ്യ വകുപ്പിന്റെയും ഡി.ഡി.ആര്‍.സിയുടെയും കോവിഡ് റാപ്പിഡ് ആന്റിജന്‍ പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഇവിടെ 625 രൂപ അടച്ച് തീര്‍ഥാടകര്‍ക്ക് കോവിഡ് പരിശോധന നടത്താം.

രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെയും ഉച്ചയ്ക്ക് ഒന്നുമുതല്‍ വൈകീട്ട് അഞ്ചു വരെയും ഇവിടെ പരിശോധനാ സൗകര്യം ലഭ്യമാണ്.

തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും, തിരുവല്ല കെ.എസ്.ആര്‍.ടി.സിക്ക് എതിര്‍വശമുള്ള സ്ഥലത്തും കോവിഡ് പരിശോധനയ്ക്കുള്ള സ്റ്റെപ്പ് കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ജില്ലയില്‍ പന്തളം, കോഴഞ്ചേരി, മല്ലപ്പള്ളി ഉള്‍പ്പെടെ 15 സ്റ്റെപ്പ് കിയോസ്‌കുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇവിടെ പണം അടച്ച് കോവിഡ് പരിശോധന നടത്താം.

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണ് എന്ന് കരുതി കോവിഡ് പ്രോട്ടോകോളില്‍ അലംഭാവം കാട്ടാന്‍ പാടില്ല.

content highlights: Sabarimala Pilgrims must follow the instructions given by health department