പമ്പ: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പമ്പയിലെ ഒരുക്കം അവസാനഘട്ടത്തിലേക്ക്. കോവിഡിന്റെ സാഹചര്യത്തില്‍ തീര്‍ഥാടകരുടെ എണ്ണം കുറച്ചതിനാല്‍ വലിയ ഒരുക്കങ്ങളൊന്നും ഇത്തവണയില്ല. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ താറുമാറായ പമ്പാമണല്‍പ്പുറം വൃത്തിയാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. മണല്‍പ്പുറത്ത് അടിഞ്ഞ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളും കമ്പികളും ഉരുളന്‍ കല്ലുകളും നീക്കിക്കഴിഞ്ഞു. മണല്‍പ്പുറം നിരപ്പാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണ്.

കുളിക്കാന്‍ മൂന്ന് ഷവര്‍ യൂണിറ്റുകള്‍

പമ്പാ സ്‌നാനമില്ലാത്തതിനാല്‍ ഷവര്‍ സൗകര്യമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി 20 ഷവര്‍ അടങ്ങുന്ന മൂന്ന് യൂണിറ്റ് ഉണ്ട്. തീര്‍ഥാടകര്‍ നദിയില്‍ ഇറങ്ങുന്നത് തടയാന്‍ പമ്പ ത്രിവേണിമുതല്‍ ഞുണങ്ങാര്‍വരെ വേലി സ്ഥാപിച്ചിച്ചുണ്ട്. 98 ശൗചാലയങ്ങളാണ് പമ്പയില്‍ ഉള്ളത്. ഞുണുങ്ങാര്‍ ഭാഗത്ത് 30 ശൗചാലയങ്ങള്‍ സൗജന്യമാണ്. ടൊയ്ലറ്റ് കോപ്ലക്‌സിലെ 68 ശൗചാലയങ്ങള്‍ പണം കൊടുത്തും ഉപയോഗിക്കാം.

നടത്തിയത് അടിയന്തര കാര്യങ്ങള്‍ മാത്രം

ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ അടിയന്തരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് പമ്പയില്‍ നടത്തിയത്. ക്ഷേത്ര ഭിത്തികളില്‍ മാത്രമാണ് ഇത്തവണ പെയിന്റിങ് നടത്തിയത്. നീലിമലപ്പാത ഒഴിവാക്കിയതിനാല്‍ കൈവരികളുടെ അറ്റകുറ്റപ്പണികളും പെയിന്റിങ് വര്‍ക്കുകളും ഇത്തവണ വേണ്ടിവന്നില്ല. ചാലക്കയംമുതല്‍ പമ്പവരെയുള്ള ദേവസ്വം ബോര്‍ഡിന്റെ റോഡില്‍ താത്കാലികമായി ട്യൂബ് ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. പമ്പയിലെ അഗ്‌നിരക്ഷാസേനയുടെ താത്കാലിക സ്റ്റേഷന്‍, ചാലക്കയത്തെ പോലീസ് കണ്‍ട്രോള്‍ റൂം എന്നിവയുടെ നിര്‍മാണവും കഴിഞ്ഞു.

content highlights: sabarimala pilgrimage, preparations in pampa