ശബരിമല: കോവിഡ് കാരണം അയ്യപ്പസന്നിധിയിലേക്ക് വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ കാടിനു പുനർജീവനം. ശബരിമലയിലേക്കുള്ള പരമ്പരാഗത കാട്ടുപാത അഴുത വഴിയും, സത്രം, പുല്ലുമേട് വഴിയുമാണ്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ ഈ രണ്ടുപാതകളിലൂടെയും സഞ്ചരിക്കാൻ അയ്യപ്പഭക്തരെ അനുവദിക്കുന്നില്ല.

ജനസഞ്ചാരം കുറഞ്ഞതോടെ കാട്ടുതീ കാര്യമായി കുറഞ്ഞിട്ടുണ്ട്. ഇത് വനം വകുപ്പിന് ഏറെ ആശ്വാസം പകരുന്നതാണ്. കാടുവഴി സഞ്ചരിക്കുന്നവർ അലക്ഷ്യമായി തീ കൈകാര്യം ചെയ്യുന്നതും വഴിയിൽ തീപിടിക്കുന്ന പല വസ്തുക്കളും ഉപേക്ഷിച്ചുപോവുന്നതും കാട്ടുതീ പടരാൻ കാരണമാവാറുണ്ട്. ജനസഞ്ചാരമില്ലാത്തതിനാൽ ആ ഭീഷണി ഒഴിവായി.

മാലിന്യമില്ലാതെ കാട് തനതു സൗന്ദര്യം തിരിച്ചുപിടിച്ചുവെന്നതാണ് വലിയ മെച്ചമായി കാണുന്നത്.

ആയിരക്കണക്കിന് അയ്യപ്പഭക്തർ യാത്രചെയ്യുമ്പോൾ ഒട്ടേറെ മാലിന്യങ്ങൾ കാട്ടിൽ കളയുന്നത് പതിവാണ്. ഇത് പരിസ്ഥിതിപ്രശ്‌നത്തിന് കാരണമാവുന്നു.

ഇങ്ങനെ ഉപേക്ഷിക്കുന്ന ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നത് വന്യജീവികളുടെ ആരോഗ്യത്തിനും ഗൂരുതരമായ ഭീഷണി സൃഷ്ടിക്കാറുണ്ട്. അടിക്കാടുകൾ സംരക്ഷിക്കപ്പെടുന്നുവെന്നതാണ് ആൾസഞ്ചാരം കുറഞ്ഞതുകൊണ്ടുള്ള മറ്റൊരു പ്രധാനം നേട്ടം. കാട്ടുചെടികളുടെ ചെറിയ തൈകളെല്ലാം ആരോഗ്യത്തോടെ തഴച്ചു വളരുന്നതായി വനത്തിൽ റോന്തുചുറ്റുന്ന ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സാധാരണ ശബരിമല സീസണിൽ തീർഥാടകർ ധാരാളമായി ഈ വഴിയിലൂടെ സഞ്ചരിക്കും. തീർത്ഥാടനകാലത്ത് ചെറുചെടികളെല്ലാം ആളുകളുടെ കാലിനടിയിൽ ഞെരിഞ്ഞമർന്നുപോവാറാണ് പതിവ്.

കാട്ടിലെ ജലാശയങ്ങൾ പൂർണമായും വന്യജീവികൾക്ക് ഉപയോഗപ്പെടുത്താമെന്നതാണ് മറ്റൊരു കാര്യം.

ജനസഞ്ചാരമുള്ള സമയത്ത് ഈ ജലാശയങ്ങളിൽനിന്ന് ആളുകൾ വെള്ളം ശേഖരിക്കുന്നത് കാരണം മൃഗങ്ങൾക്ക് ആവശ്യത്തിനു വെള്ളംകിട്ടാതെ വരുന്ന സ്ഥിതിയുണ്ടായിരുന്നു.

ഇപ്പോൾ കാട്ടിൽ ആനയേയും കാട്ടുപോത്തിനേയുമെല്ലാം കൂടുതലായി കാണപ്പെടുന്നതായി പെരിയാർ വന്യമൃഗസങ്കേതം െഡപ്യൂട്ടി ഡയറക്ടർ സാജു പറഞ്ഞു. ആളുകളുടെ ഭീഷണിയില്ലാതെ അവയ്ക്ക് തങ്ങളുടെ ആവാസകേന്ദ്രങ്ങളിൽ സ്വൈരസഞ്ചാരം സാധ്യമാവുന്നു.