ശബരിമല: മകരവിളക്കിനായി ശബരിമല നട തുറന്നപ്പോൾ എത്തിയ ഭക്തരുടെ എണ്ണം 5000-ത്തിൽ താഴെ. 5000 പേർക്ക് ദർശനത്തിന് അനുമതി ഉണ്ടെങ്കിലും 3500-ഓളം പേരാണ് ആദ്യദിനത്തിൽ ദർശനത്തിനെത്തിയത്.

കേരളത്തിൽനിന്ന് ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാൻ ശ്രമിച്ച പലർക്കും അതിന് സാധിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. വ്യാഴാഴ്ച എത്തിയ ഭക്തരിൽ കൂടുതലും അന്യസംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു. ദർശത്തിനായി കേരളത്തിൽനിന്നുള്ള പത്ത് ശതമാനം പേർക്കും 30 ശതമാനം വീതം കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്കുമാണെന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷേ, ഈ സംസ്ഥാനങ്ങളിൽനിന്ന് പ്രതീക്ഷിച്ചതോതിൽ തീർത്ഥാടകർ എത്തിയിട്ടില്ല.

നട തുറക്കുന്നതുമുതൽ അടയ്ക്കുന്നതുവരെയുള്ള പല സമയങ്ങളിലായാണ് ഭക്തർക്ക് സമയം അനുവദിച്ചിരിക്കുന്നതെന്നതിനാൽ സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെടുന്നില്ല. എന്നാൽ, തീർഥാടകർ സാമൂഹിക അകലം കൃത്യമായി പാലിക്കാത്തത് അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. 48 മണിക്കൂർമുമ്പുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റാണ് തീർത്ഥാടകർ സന്നിധാനത്തെത്തുമ്പോൾ കൈയിൽ കരുതേണ്ടത്. മേൽശാന്തിയുടെ മൂന്ന് കീഴ്‌ജീവനക്കാരുൾപ്പെടെ ഏഴ്‌ ദേവസ്വം ജീവനക്കാർക്ക് നേരത്തെ കോവിഡ് സ്ഥീരീകരിച്ചിരുന്നു. ഇത് കാരണം മേൽശാന്തി ജയരാജ് പോറ്റി നിരീക്ഷണത്തിലാണ്. പത്ത് ദിവസം കഴിഞ്ഞുമാത്രമേ അദ്ദേഹം ചുമതലകൾ നിർവഹിച്ചുതുടങ്ങുകയുള്ളൂ. തന്ത്രി കണ്ഠര് രാജീവരാണ് ഇപ്പോൾ മേൽശാന്തിയുടെ ചുമതല നിറവേറ്റുന്നത്.