ശബരിമല: അയ്യപ്പസന്നിധിയിലേക്ക് പന്തളത്തുനിന്ന് തിരുവാഭരണം ചുമന്നുകൊണ്ടുവരുന്നവർ, സ്വന്തം പണംകൊണ്ട് കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശം. ഇത് പിച്ചച്ചട്ടിയിൽ െെകയ്യിട്ടുവാരുന്ന നടപടിയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്.

മൂന്നുദിവസം തിരുവാഭരണവും പല്ലക്കും ചുമന്ന് സന്നിധാനത്തേക്ക്‌ വരുന്ന സംഘത്തിൽ നൂറോളം പേരുണ്ട്. ഇതിൽ 23 പേരാണ് തിരുവാഭരണം ചുമക്കുന്നത്. 13 പേർ പല്ലക്കും ചുമക്കുന്നു. മറ്റുള്ളവർ രാജപ്രതിനിധിയെയും ഘോഷയാത്രയെയും അനുഗമിക്കുന്നവരാണ്.

തിരുവാഭരണം ചുമന്നെത്തുന്നവർ ചടങ്ങുകളുടെ ഭാഗമായി അഞ്ചുദിവസം സന്നിധാനത്ത് തങ്ങണം. നാലുദിവസം തിരിച്ചുനടന്നാണ് പന്തളത്തെത്തുന്നത്.

വിശ്വാസത്തിന്റെ ഭാഗമായി മൊത്തം 12 ദിവസം ചെലവിടുന്ന ഇവർക്കെല്ലാമായി 50000 രൂപയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്നത്. ഒരാൾക്ക് 2200 രൂപ തികച്ചുകിട്ടില്ല.

ഇതിൽനിന്ന് ആർ.ടി.പി.സി.ആർ.പരിശോധനയ്ക്ക് തുക കണ്ടെത്തണം. ഇപ്പോൾ സർക്കാർ നിശ്ചയിച്ച കുറഞ്ഞതുകപ്രകാരം 1500 രൂപയെങ്കിലും കോവിഡ് പരിശോധനയ്ക്ക് നൽകേണ്ടിവരും.

ഒന്നുകിൽ സൗജന്യമായി പരിശോധന നടത്തണം, അല്ലെങ്കിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളിൽ ചെലവഴിക്കാതെ കിടക്കുന്ന ഫണ്ട് ഇതിനായി പ്രയോജനപ്പെടുത്തണം-ഇതാണ് ഇവരുടെ ആവശ്യം. തീർഥാടനവുമായി ബന്ധപ്പെട്ട ശുചീകരണത്തിനും മറ്റുമായി പഞ്ചായത്തുകൾക്ക് അനുവദിച്ച ഫണ്ട് ഉണ്ട്. കോവിഡ് കാരണം, ആ ഫണ്ട് വിനിയോഗിച്ചിട്ടില്ല.