ശബരിമല: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ ശബരിമല ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുന്നതില്‍ തീരുമാനം ഉടന്‍. തിങ്കളാഴ്ച സന്നിധാനത്ത് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകനയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. നട തുറന്നശേഷമുള്ള ആദ്യ ദിവസങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

നിലവില്‍ ദിവസം 1000 പേര്‍ക്ക് മാത്രമേ സന്നിധാനത്തേക്ക് പ്രവേശനമുള്ളൂ. 10,000 പേരെ ദര്‍ശനത്തിന് അനുവദിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് തീരുമാനം എടുക്കേണ്ടത്. ദേവസ്വം ബോര്‍ഡ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

ശബരിമല തീര്‍ഥാടനത്തിനെതിരായ പ്രചാരണങ്ങളെ ജനം തള്ളിക്കളയുമെന്ന് മന്ത്രി പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രം ആക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണം ശബരിമലയെ തകര്‍ക്കാന്‍ ലക്ഷ്യംവെച്ചാണോയെന്ന് സംശയമുണ്ട്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ ബോര്‍ഡിന് പണമില്ല. സര്‍ക്കാരില്‍നിന്നുള്ള സഹായം ഉണ്ടെങ്കിലേ മുന്നോട്ടുപോകാനാവൂ. സര്‍ക്കാര്‍സഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തീര്‍ഥാടനകാലത്ത് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം നടത്തുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ബോര്‍ഡ് അംഗങ്ങളായ അഡ്വ. കെ.എസ്.രവി, അഡ്വ. എന്‍.വിജയകുമാര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്.രാജേന്ദ്രപ്രസാദ്, ദേവസ്വം കമ്മിഷണര്‍ ബി.എസ്.തിരുമേനി, ചീഫ് എന്‍ജിനീയര്‍ കൃഷ്ണകുമാര്‍, ഐ.ജി. എസ്.ശ്രീജിത്ത്, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ബി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.