ശബരിമല: മകരജ്യോതി വ്യാഴാഴ്ച പൊന്നമ്പലമേട്ടിൽ തെളിയും. കോവിഡ് മാനദണ്ഡം പാലിച്ച് 5000 പേർക്കാണ് ജ്യോതി ദർശിക്കാനുള്ള അവസരമുണ്ടാവുക. നേരത്തേ വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തവരെയാണ് ഇതിന് അനുവദിക്കുക.

സന്നിധാനത്തുനിന്ന്‌ മാത്രമേ ഇത്തവണ മകരജ്യോതി ദർശിക്കാനാവൂ. പാഞ്ചാലിമേട്, പുൽമേട്, പരുന്തുപാറ തുടങ്ങി സാധാരണ തീർഥാടകർ തടിച്ചുകൂടാറുള്ള സ്ഥലങ്ങളിൽനിന്നൊന്നും വിളക്ക് കാണാൻ അനുവദിക്കില്ല. മകരവിളക്കിനോടനുബന്ധിച്ച് പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വ്യാഴാഴ്ച വൈകീട്ടോടെ ശരംകുത്തിയിലെത്തും.

പന്തളം കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന തിരുവാഭരണം വൈകീട്ട് ആറരയോടുകൂടി അയ്യപ്പസന്നിധിയിൽ എത്തും. തിരുവാഭരണപേടകം പതിനെട്ടാംപടിക്ക്‌ മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ദേവസ്വം ബോർഡ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് ശ്രീകോവിലിലേക്ക് ആചാരപൂർവം ആനയിക്കുന്ന തിരുവാഭരണപേടകം തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി വി.കെ.ജയരാജ് പോറ്റിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാർത്തും. ശേഷം 6.30-ന് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന. 6.40-ന് മകരജ്യോതിദർശനം.