ശബരിമല: സന്നിധാനത്തെ വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രസിഡന്റ് അഡ്വ. എൻ.വാസു. സംസ്ഥാന സർക്കാർ നൂറു കോടി രൂപ അനുവദിച്ചെന്നും വീണ്ടുമൊരു നൂറു കോടി കൂടി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. സന്നിധാനത്ത് മകരവിളക്ക് തൊഴാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.

വ്യാഴാഴ്ച രാവിലെ 8.14-നാണ് മകരസംക്രമപൂജ. വൈകീട്ട് അഞ്ചുമണിയോടെ ശരംകുത്തിയിലെത്തുന്ന തിരുവാഭരണഘോഷയാത്രയെ ദേവസ്വം ഉദ്യോഗസ്ഥർ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. വൈകീട്ട് 6-ന് അയ്യപ്പന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. തുടർന്ന് മകരജ്യോതി തെളിയും. മണ്ഡലമകരവിളക്കുകാലത്ത് ചൊവ്വാഴ്ച വരെ ശബരിമലയിൽനിന്നുള്ള വരുമാനം പതിനാറര കോടിയോളമാണ്. കഴിഞ്ഞ വർഷം 166 കോടി രൂപ കിട്ടിയ സ്ഥാനത്താണിത്.

മണ്ഡലമകരവിളക്കുകാലത്ത് ചൊവ്വാഴ്ച വരെ 1,32673 തീർത്ഥാടകരാണ് സന്നിധാനത്ത് ദർശനം നടത്തിയത്. ബോർഡിനു കീഴിൽ 1250 ക്ഷേത്രങ്ങളുണ്ട്. ഇതിൽ 50 ക്ഷേത്രങ്ങളിൽനിന്ന് മാത്രമാണ് മിച്ചവരുമാനം ലഭിക്കുന്നത്.

ബാക്കി ക്ഷേത്രങ്ങളിലെ കാര്യങ്ങൾ നിർവഹിക്കുന്നതിന് ശബരിമലയിലെ വരുമാനം ഉപയോഗപ്പെടുത്തുന്നുണ്ട്. വരുമാനത്തിന്റെ മൂന്നിരട്ടിയാണ് ബോർഡിന്റെ ഇപ്പോഴത്തെ ചെലവ്. കോവിഡ് ഭീഷണി കഴിഞ്ഞാൽ അന്യസംസ്ഥാനങ്ങളിൽനിന്നും ഭക്തരിൽനിന്നും വിഭവ സമാഹരണം നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ശബരിമല തീർത്ഥാടനം വിചാരിച്ചതിലും ഭംഗിയായി നടന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതുതായി ബോർഡ് അംഗമായ പി.എം.തങ്കപ്പനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.