sabarimalaശബരിമല: ജനുവരി എട്ടിന് രാവിലെ പുറപ്പെട്ട അമ്പലപ്പുഴ പേട്ട സംഘം ബുധനാഴ്ച വൈകീട്ട് സന്നിധാനത്തെത്തി. തിങ്കളാഴ്ചയായിരുന്നു പേട്ടതുള്ളൽ. ഒരുദിവസംകൂടി എരുമേലിയിൽ തങ്ങിയശേഷമാണ് സംഘം പമ്പയിലേക്ക് പുറപ്പെട്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് യാത്ര ഒരുദിവസത്തേക്ക് മാറ്റിയത്. ബുധനാഴ്ച പമ്പയിലെത്തി കോവിഡ് അറിയുന്നതിനുള്ള ആർ.ടി.പി.സി.ആർ. പരിശോധന നടത്തി ഫലം ലഭിച്ചശേഷമാണ് സംഘം സന്നിധാനത്തേക്ക് പുറപ്പെട്ടത്. കോവിഡ് പശ്ചാത്തലത്തിൽ ബുധനാഴ്ച പമ്പയിൽ നടക്കേണ്ടിയിരുന്ന പമ്പസദ്യ ഇത്തവണ ഉണ്ടായില്ല. പമ്പവിളക്കുമുണ്ടായില്ല.

അയ്യപ്പസേവാസംഘം 50-ഓളം സംഘാംങ്ങൾക്ക് ഭക്ഷണമൊരുക്കിയതായി അമ്പലപ്പുഴ പേട്ട സംഘം പ്രസിഡന്റ് ഗോപകുമാർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഒൻപതിനായിരുന്നു സന്നിധാനത്ത് സംഘത്തിന്റെ നെയ്യഭിഷേകം. അന്നുതന്നെ അത്താഴപൂജയ്ക്ക് സംഘത്തിന്റെ എള്ളുനിവേദ്യം ചടങ്ങ് നടക്കും. തുടർന്ന് തിരുവാഭരണം ചാർത്തിയുള്ള അയ്യപ്പനെ സംഘാംഗങ്ങൾ ദർശിക്കും. കഴുകി ശുദ്ധമാക്കിയ പതിനെട്ടാംപടി കയറിയെത്തുന്ന കർപ്പൂരം കത്തിച്ച് പടിപൂജ. 15-ന് വൈകീട്ട് നട തുറക്കുന്നതിനോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തിൽ സംഘത്തിന്റെ ശീവേലി എഴുന്നള്ളത്ത് നടക്കും.