റാന്നി: തിരുവാഭരണ വിഭൂഷിതനായ ശബരിഗിരീശനെ മനസ്സിൽ ദർശിച്ച് ഭക്തർ ഘോഷയാത്രയെ അയ്യപ്പന്റെ മണ്ണിലേക്ക് വരവേറ്റു. തിരുവാഭരണ പേടകങ്ങൾ തുറന്ന് ദർശനമില്ലായിരുന്നെങ്കിലും ഘോഷയാത്രയെ സ്വീകരിക്കാൻ എല്ലായിടത്തും ഭക്തരുടെ തിരക്ക് ഈ വർഷവും തുടർന്നു. എല്ലായിടത്തും കർപ്പൂരാഴി ഉഴിഞ്ഞ് ഘോഷയാത്രയെ അവർ വരവേറ്റു.

ഘോഷയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലെ വീടുകൾക്കുമുൻപിൽ നിലവിളക്കുകൊളുത്തി സ്വീകരണം ഒരുക്കിയിരുന്നു. മകരസംകൃമ സന്ധ്യയിൽ ശബരിഗിരീശന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ചൊവ്വാഴ്ചയാണ് പന്തളത്തുനിന്ന്‌ പുറപ്പെട്ടത്. ആദ്യദിവസം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലായിരുന്നു വിശ്രമം. ബുധനാഴ്ച പുലർച്ചെ മൂന്നിന് അവിടെനിന്ന്‌ പുറപ്പെട്ടു. മൂക്കന്നൂരിലെ സ്വീകരണത്തിനുശേഷം ഇടപ്പാവൂർ ക്ഷേത്രത്തിൽ പേടകങ്ങളിറക്കിവെച്ചു. തുടർന്നുള്ള യാത്രയിൽ പേരൂച്ചാൽ, ആയിക്കൽ തിരുവാഭരണപ്പാറ, കുത്തുകല്ലുങ്കൽപടി, മന്ദിരം, ഇടക്കുളം ക്ഷേത്രമൂലസ്ഥാനം, പള്ളിക്കമുരുപ്പ്, പേങ്ങാട്ടുകടവ്, ചെറുകാവ് ദേവീക്ഷേത്രം, പ്രയാർ മഹാവിഷ്ണുക്ഷേത്രം, സുധാലയം വീട്, മാടമൺ ഹൃഷികേശക്ഷേത്രം, മണ്ഡകത്തിൽ വീട്, പൂവത്തുംമൂട്, കൂടക്കാവ്, പെരുനാട് കക്കാട്ടുകോയിക്കൽ ക്ഷേത്രം എന്നിവിടങ്ങളിൽ ഭക്തർക്ക് ദർശനത്തിനായി പേടകങ്ങൾ ഇറക്കിവെച്ചു. ഇവിടെയെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർ അയ്യപ്പന്റെ തിരുവാഭരണമടങ്ങിയ പേടകങ്ങൾ മനംകുളിർക്കെ കണ്ടുതൊഴുതു.

ഉച്ചയ്ക്ക് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെ വിശ്രമത്തിനുശേഷം വൈകീട്ട് മൂന്നിനാണ് അവിടെനിന്ന്‌ പുറപ്പെട്ടത്. വനമേഖലയിലേക്ക് കടക്കുന്നതിനുമുമ്പ് മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപത്തിൽ പതിവുപോലെ പ്രത്യേക പൂജയ്ക്കുശേഷം യാത്ര തുടർന്നു. ശബരി ശരണാശ്രമം, കൂനംകര, പുതുക്കട തിരുവാഭരണപ്പാറ, ളാഹ അമ്മൻകോവിൽ എന്നിവിടങ്ങളിലും തിരുവാഭരണ പേടകങ്ങളിറക്കിവെച്ചു.

ളാഹയെത്തിയപ്പോഴേക്കും ചാറ്റൽ മഴ പെയ്തുതുടങ്ങി. അല്പദൂരം മഴയത്തായിരുന്നു യാത്ര. അഞ്ചരയോടെ ളാഹ സത്രത്തിലെത്തി.

ളാഹ സത്രത്തിലായിരുന്നു രണ്ടാംദിവസ വിശ്രമം. വ്യാഴാഴ്ച പുലർച്ചെ അവിടെനിന്ന്‌ പുറപ്പെടുന്ന ഘോഷയാത്ര കുളഞ്ഞിത്തോട്, പ്ലാപ്പള്ളി, തലപ്പാറ കോട്ട, ഇലവുങ്കൽ, നിലയ്ക്കൽ, അട്ടത്തോട്, കൊല്ലമൂഴി, ഒലിയമ്പുഴ, വലിയാനവട്ടം, നീലിമല, ശബരിപീഠം, ശരംകുത്തി വഴി വൈകീട്ട് ആറിന് സന്നിദാനത്തെത്തും.