കോഴഞ്ചേരി: ചൊവ്വാഴ്ച പുലർച്ചെ ഏറെനേരം നീണ്ടുനിന്ന ചാറ്റൽമഴ തിരുവാഭരണഘോഷയാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ എന്ന ഭക്തരുടെ ആശങ്ക നീക്കി ഘോഷയാത്ര പുറപ്പെട്ടപ്പോഴേക്കും അന്തരീക്ഷം സൂര്യപ്രഭയാൽ തെളിഞ്ഞുയർന്നു.

തിരുവാഭരണപാതയിലെല്ലാം ഭക്തർ നിലവിളക്ക് തെളിച്ച് ആചാരം പാലിച്ച് ഘോഷയാത്രയെ സ്വീകരിച്ചു. വൈകീട്ട് നാലുമണിയോടെ കിടങ്ങന്നൂരിൽ ശിവമയം കുടുംബത്തിലെത്തിയ സംഘത്തെ കുടുംബാംഗങ്ങൾ സ്വീകരിച്ചു. പാരമ്പര്യപാതയിൽ കുളനടയ്ക്കും ആറന്മുളയ്ക്കും ഇടയിൽ തിരുവാഭരണം ഇറക്കിവെയ്ക്കാൻ ബുദ്ധിമുട്ടായിരുന്നകാലത്താണ് കുടുംബത്തിലെ പാറുക്കുട്ടി അമ്മയും ശിവശങ്കരൻ നായരും ചേർന്ന് ഇതിനുള്ള സൗകര്യം ഒരുക്കിയത്. പിന്നീടിത് ആചാരമായി മാറുകയായിരുന്നു.

തുടർന്ന് നാൽക്കാലിക്കൽ സ്‌കൂൾ ജങ്ഷൻ കഴിഞ്ഞ് ആറന്മുള ഐക്കര ജങ്‌ഷനിലെത്തിയ ഘോഷയാത്രയെ ആറന്മുള ഓട്ടോ ബ്രദേഴ്സ് സാംസ്കാ‌രിക സമിതിയുടെ നേതൃത്വത്തിൽ ഐക്കര ജങ്‌ഷനിൽ സ്വീകരിച്ചു. ആറന്മുള കിഴക്കേനട, പൊന്നുംതോട്ടം ദേവീക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച് ഭക്തർക്ക് പേടകം കണ്ട് തൊഴാൻ അവസരം നൽകി. കോഴഞ്ചേരി കാവുംപടിക്കൽ വീടിന് മുമ്പിൽ ഇറക്കിെവച്ച് വിശ്രമിച്ച ഘോഷയാത്രാസംഘം പഴയതെരുവിൽ എത്തിയപ്പോൾ പാമ്പാടിമൺ 825-ാം നമ്പർ എൻ.എസ്.എസ്. കരയോഗം ഭാരവാഹികളായ പ്രൊഫ. കെ.ജി.ദേവരാജൻ നായർ, സെക്രട്ടറി മഹേഷ് നെടിയത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ റോഡിന്റെ ഇരുവശത്തും താലപ്പൊലിയേന്തി സ്ത്രീകൾ ഘോഷയാത്രയെ സ്വീകരിച്ചു.

പാമ്പാടിമൺ അയ്യപ്പസേവാസമാജം, അമ്പോറ്റി കോഴഞ്ചേരി, ഹരീന്ദ്രൻ നായർ, രാധാകൃഷ്ണൻ നായർ, കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ തിരുവാഭരണഘോഷയാത്രാസംഘത്തിന് അന്നദാനം നൽകി. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം ഇവിടെ നിന്ന്‌ പുറപ്പെട്ട സംഘം കോഴഞ്ചേരി നെടിയത്ത് ജങ്‌ഷനിലെ അയ്യപ്പമണ്ഡപത്തിൽ എത്തിച്ചേർന്നു. ചെറുകോൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വാഴക്കുന്നം നീർപ്പാലത്തിന് താഴെ എന്നിവ താണ്ടി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ രാത്രി വിശ്രമിച്ചു. കോവിഡ് മാനദണ്ഡം മൂലം ഇവിടെയും പേടകം തുറന്ന് ദർശനം അനുവദിച്ചില്ല. ബുധനാഴ്ച പുലർച്ചെ ഇവിടെ നിന്ന്‌ പുറപ്പെട്ട്‌ ഘോഷയാത്ര രാത്രി 7.30-ന് ളാഹ വനം വകുപ്പ് സത്രത്തിൽ വിശ്രമിക്കും.