പന്തളം: മകരസംക്രമ സന്ധ്യയിൽ ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്തളത്തുനിന്ന്‌ പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ കാൽനടയായി നീങ്ങുന്ന ഘോഷയാത്രാസംഘം മൂന്നാംദിവസം വൈകീട്ടാണ് ശബരിമലയിലെത്തിച്ചേരുന്നത്.

കോവിഡിന്റെ നിയന്ത്രണങ്ങൾ ഉള്ളതിനാലും പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് അശുദ്ധിയുള്ളതിനാലും ഈവർഷം ചടങ്ങുകളിലും ഘോഷയാത്രയിലും ചില മാറ്റങ്ങൾ വരുത്തിയിരുന്നു.

കൊട്ടാരത്തിലെ അശുദ്ധി കാരണം രാജപ്രതിനിധിയും പല്ലക്കും ഇല്ലാതെയായിരുന്നു യാത്ര. കൊട്ടാരത്തിലും ക്ഷേത്രത്തിലും രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ചടങ്ങുകൾ വേണ്ടെന്നുവെച്ചു. കോവിഡ് നിയന്ത്രണങ്ങൾ കാരണം പെട്ടിതുറന്നുള്ള തിരുവാഭരണ ദർശനം ക്ഷേത്രത്തിലും ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലും ഒഴിവാക്കി. മാലയിട്ടുള്ള സ്വീകരണത്തിനും വിലക്കേർപ്പെടുത്തി. സംഘാംഗങ്ങളെ പരിമിതപ്പെടുത്തിയായിരുന്നു യാത്ര.

പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ രാവിലെ പതിനൊന്നരയോടെയാണ് ക്ഷേത്രത്തിലേക്ക് മാറ്റിയത്. ആഭരണപ്പെട്ടികൾ തലയിലേറ്റുന്ന 24 അംഗങ്ങളെയും ഗുരുസ്വാമി മാലയിട്ടും ഭസ്മംനൽകിയും അനുഗ്രഹിച്ചു. കർപ്പൂരാഴിയുടെ അകമ്പടിയിൽ ആഭരണങ്ങൾ വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. ആചാരത്തിന്റെ ഭാഗമായി അല്പനേരം തുറന്ന് ശ്രീകോവിലിനുമുൻപിൽ വെച്ചശേഷം ദേവസ്വം അധികൃതരെ ആഭരണങ്ങളുടെ എണ്ണം ബോദ്ധ്യപ്പെടുത്തി പേടകങ്ങൾ അടച്ചു. തുടർന്ന് മേൽശാന്തി നീരാജനം ഉഴിഞ്ഞശേഷമാണ് പേടകം ക്ഷേത്രത്തിന് വലംവെച്ച് പുറത്തേക്കെടുത്തത്.

കൃത്യം ഒരുമണിക്കുതന്നെ തിരുമുഖമടങ്ങുന്ന പ്രധാന പെട്ടി ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയും പൂജാപാത്രങ്ങളടങ്ങുന്ന രണ്ടാമത്തെ പെട്ടി മരുതമനയിൽ ശിവൻപിള്ളയും കൊടിയും ജീവതയുമടങ്ങുന്ന മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻനായരും ശിരസ്സിലേറ്റി ഘോഷയാത്ര പുറപ്പെട്ടു.

തിരുവാഭരണ പാതയിൽ നിരവധി സ്ഥലങ്ങളിൽ കർപ്പൂരാഴി ഒരുക്കി തീർഥാടകർ ഘോഷയാത്രയെ വരവേറ്റു. കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം വിശ്രമിച്ചു. രണ്ടാംദിവസം ഇടപ്പാവൂർ, പെരുനാട് വഴി പോകുന്ന ഘോഷയാത്രാസംഘം ളാഹ വനംവകുപ്പ് സത്രത്തിലെത്തി താവളമടിക്കും. മൂന്നാംദിവസം പ്ലാപ്പള്ളി, നാറാണംതോട്, നിലയ്ക്കൽ, കൊല്ലമൂഴി, നീലിമല, ശബരിപീഠം വഴി ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികൾ സ്വീകരിക്കും. സന്നിധാനത്ത് തന്ത്രിയും മേൽശാന്തിയുംചേർന്ന് ആഭരണങ്ങൾ ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തുമ്പോൾ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.