പന്തളം: ശബരീശന്റെ ആഭരണങ്ങളുമായി ശരണംവിളിച്ച് മല ചവിട്ടുക. കൊട്ടിപ്പാടി ഭക്തിലഹരിയിൽ ആറാടി അയ്യപ്പന്മാർക്കൊപ്പം നടന്നുനീങ്ങുക, ഇതൊരു ദിവ്യാനുഭവമാണ് മറ്റെങ്ങുംകിട്ടാത്ത മഹാപുണ്യവും. ധനുമാസ ചൂടിനെ കുളിരാക്കി, കല്ലുംമുള്ളും കാലിനുമെത്തയാക്കി, കാടും മലയും കാട്ടാറുകളും കടന്ന് ഭഗവാന്റെ സന്നിധിയിലേക്ക് പുണ്യം തേടിയുള്ള യാത്ര, ഇവിടെ ഭക്തനും ഭഗവാനും ഒന്നാണ്. എന്തിനും ഏതിനും ശക്തിപകരുന്നത് ശരണമന്ത്രം മാത്രം.

ഞാനും നീയും ഒന്നെന്ന തത്ത്വം ശരിക്കുമറിയുന്നത് ഈ യാത്രയിലാണ്. ആരുടെയൊക്കയോ ചുണ്ടിൽനിന്നുയരുന്ന ശരണമന്ത്രങ്ങൾ, അത് ഏറ്റുവിളിക്കുന്ന ഭക്തജനങ്ങൾ, വായ്ക്കുരവകൾ വാനോളം ഉയരുന്നു. കർപ്പൂരാഴിയുടെ പ്രഭയിൽ തിളങ്ങുന്ന തിരുവാഭരണ പേടകങ്ങൾ ശിരസ്സിൽനിന്നു ശിരസ്സിലേക്ക് മാറിമാറി സഞ്ചരിക്കും. നിലവിളക്കും നിറപറയും വെച്ച് കുരുത്തോലകൊണ്ടലങ്കരിച്ച വീഥിയിലൂടെ എല്ലാം മറന്നുള്ള യാത്രയിൽ ആഭരണങ്ങളടങ്ങുന്ന മൂന്നുപെട്ടികൾ മൂന്നാംനാൾ ചെന്നെത്തുന്നത് ശബരീശന്റെ തിരുമുൻപിൽ.

പത്തനംതിട്ട ജില്ല ചൊവ്വാഴ്ച ഉത്സവ ലഹരിയിലാണ്. എല്ലാവഴികളും ചെന്നെത്തുന്നത് പന്തളരാജകുമാരന്റെ തിരുസന്നിധിയിൽ. നാട്ടുകാരും മറുനാട്ടുകാരുമായി ജനലക്ഷങ്ങൾ ഘോഷയാത്രയുടെ പുണ്യമുഹൂർത്തം ദർശിക്കാൻ പാതയോരത്തു കാത്തുനിൽക്കുന്നു. വർഷങ്ങൾ മുൻപ് പന്തളരാജാവ് ഒരുക്കിയ പരമ്പരാഗത പാതയിലൂടെയാണ് യാത്ര. വഴിയിലുടനീളം ശരണം വിളികളുയരുകയാണ്. തിരുവാഭരണയാത്രയെ സ്വീകരിക്കുവാൻ നാടും നഗരവും നാട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു.

കോവിഡ് എന്ന മഹാമാരി ഇത്തവണത്തെ ഘോഷയാത്രയ്ക്ക് അൽപ്പം മങ്ങലേൽപ്പിച്ചിട്ടുണ്ടെങ്കിലും ആചാരങ്ങൾക്കും പ്രൗഢിക്കും ഒട്ടും കുറവു വരുത്താതെയാണ് ഘോഷയാത്ര സജ്ജീകരിച്ചിരിക്കുന്നത്. പേടകവാഹകർക്കും മറ്റ് ഉദ്യോഗസ്ഥർക്കും മാത്രമാണ് ഇത്തവണ ഘോഷയാത്രയെ അനുഗമിക്കാൻ അനുമതി നൽകിയിട്ടുള്ളത്.

പെട്ടിതുറന്നുള്ള ദർശനത്തിനും മാലയിട്ടുള്ള സ്വീകരണത്തിനും വിലക്കുണ്ട്. പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് അശുദ്ധിയായതിനാൽ ഇത്തവണ രാജപ്രതിനിധി ഇല്ലാതെയാണ് ഘോഷയാത്ര നടക്കുന്നത്.

തങ്കയാഭരണങ്ങളടങ്ങിയ തിരുവാഭരണപ്പെട്ടി

പന്തളം രാജാവ് അയ്യപ്പനുവേണ്ടി പണിത തങ്കത്തിൽതീർത്ത ആഭരണങ്ങളും പൂജാപാത്രങ്ങളും കൊടികളും ജീവതകളുമടങ്ങുന്ന മൂന്ന് പെട്ടികളാണ് ശബരിമലയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുന്നത്.

ഇതിൽ പ്രധാനം തിരുമുഖമടങ്ങുന്ന ആദ്യത്തെ പെട്ടിയാണ്. അയ്യപ്പനെ യോദ്ധാവായി കാണണമെന്നാഗ്രഹിച്ച പന്തളരാജൻ പണികഴിപ്പിച്ചത് യോദ്ധാവിന്റെ രൂപത്തിലുള്ള തിരുമുഖമാണ്. ആഭരണങ്ങളിൽ പ്രധാനവും ഇന്ദ്രനീല കല്ലുപതിച്ച് ശബരീശവിഗ്രഹത്തിൽ ചാർത്താൻ പാകത്തിലുള്ള തിരുമുഖംതന്നെ. കൂടാതെ നവരത്‌നമോതിരം, മണിമാല, ശരപ്പൊളിമാല, എരിക്കിൻപൂമാല, ചുരിക, വാൾ, സ്വർണത്തളിക, പ്രഭാമണ്ഡലം, ആന, പുലി, പൂർണ പുഷ്‌കലമാർ എന്നിവ പ്രധാന പെട്ടിയിലുണ്ടാകും. രണ്ടാമത്തെ പെട്ടിയിൽ കളഭാഭിഷേകത്തിനുള്ള സ്വർണക്കുടം, വെള്ളി കെട്ടിയശംഖ്, പൂജാപാത്രങ്ങൾ എന്നിവയും മൂന്നാമത്തെ പെട്ടിയിൽ ശബരിമലയിൽ എഴുന്നള്ളിപ്പിനുള്ള ജീവത, നെറ്റിപ്പട്ടം, തലപ്പാറ, ഉടുമ്പാറ മലകളുടെ കൊടികൾ എന്നിവയുമാണുള്ളത്.

ഇന്ന് പ്രാദേശിക അവധി

പത്തനംതിട്ട: തിരുവാഭരണഘോഷയാത്ര പുറപ്പെടുന്ന പന്തളം നഗരസഭാപരിധിയിൽ ചൊവ്വാഴ്ച ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

സുരക്ഷയ്ക്ക് മുപ്പതംഗ സായുധ പോലീസ്

:തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷയ്ക്ക് മുപ്പതംഗ സായുധപോലീസാണ് അകമ്പടി സേവിക്കുന്നത്. പത്തനംതിട്ട എ.ആർ.ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് സി.പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ശബരിമലയിലേക്കും തിരിച്ചും സുരക്ഷയൊരുക്കുന്നത്. ഘോഷയാത്രാദിവസമായ ചൊവ്വാഴ്ച രാവിലെമുതൽ ഓഫീസർമാരുൾപ്പെടെ 131 പോലീസ് ഉദ്യോഗസ്ഥർ പന്തളത്ത് സുരക്ഷാ ചുമതലകൾക്ക് ഉണ്ടാകും. മൂന്ന് ഡിവൈ.എസ്.പി., ആറ് സർക്കിൾ ഇൻസ്പെക്ടർ, 43 എസ്.ഐ, എ.എസ്.ഐ, 73 സിവിൽ പോലീസ് ഓഫീസർ, ഒൻപത് വനിതാ പോലീസ്, ഷാഡോ പോലീസ്, ഫയർഫോഴ്‌സ്, സ്പെഷ്യൽ പോലീസ് എന്നിവരാണ് സേവനത്തിനുള്ളത്.

പതിവുസ്ഥലങ്ങളിൽ എല്ലാം പേടകം ഇറക്കും: സ്വീകരണങ്ങൾ ഉണ്ടാകില്ല

കോഴഞ്ചേരി : തിരുവാഭരണ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഘോഷയാത്ര സ്പെഷ്യൽ ഓഫീസർ എസ്.അജിത് കുമാർ അറിയിച്ചു.കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇക്കുറി പതിവിൽനിന്നു വത്യസ്തമായിട്ടായിരിക്കും ഘോഷയാത്ര. ആചാരങ്ങൾ പൂർണമായും നടപ്പാക്കും.

പന്തളം കൊട്ടാരത്തിൽനിന്നു 12-ന് ഏറ്റുവാങ്ങുന്ന തിരുവാഭരണ പേടകങ്ങൾ ശബരിമലയിൽ മകരവിളക്കിന് ചാർത്താനായി മാത്രമാണ് തുറക്കുന്നത്. പതിവ് സ്ഥലങ്ങളിൽ എല്ലാം ഇറക്കിവെയ്ക്കുമെങ്കിലും സ്വീകരണങ്ങൾ ഉണ്ടാകില്ല. മാല അണിയിക്കുന്നതിനും നിറപറകൾ നൽകുന്നതിനും തൊട്ടുവണങ്ങുന്നതിനും ഇക്കുറി അവസരമില്ല. തിരിച്ചുവരുമ്പോൾ ആചാര പാലനത്തിനായി പെരുനാട് ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്തും. എന്നാൽ ഭക്തർക്ക് നാലമ്പലത്തിൽ പ്രവേശനം ഉണ്ടാകില്ല.

പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ പുറപ്പെടുന്ന തിരുവാഭരണപേടകങ്ങൾ ആദ്യദിനം വൈകീട്ട് ദീപാരാധന സമയം കോഴഞ്ചേരി പാമ്പാടിമണ്ണിലും രാത്രിവിശ്രമം അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലുമാണ്. ഇവിടങ്ങളിൽ എല്ലാം ആചാര പാലന ചടങ്ങുകൾ മാത്രമേ ഉണ്ടാകൂ.

സ്‌പെഷ്യൽ ഓഫീസർ എസ്.അജിത് കുമാറും സഹ ചുമതലക്കാരായി സബ് ഗ്രൂപ്പ് ഓഫീസർമാരായ പെരുമ്പെട്ടി രാധാകൃഷ്ണൻ, ജി.അരുൺ കുമാർ,രാജീവ് എന്നിവരും ഘോഷയാത്രയിൽ ഉണ്ടാകും. ഇവർക്കായുള്ള കോവിഡ് പരിശോധന നടന്നു. പെരുനാട്‌ക്ഷേത്രത്തിലെ ക്രമീകരണങ്ങൾ വിലയിരുത്താൻ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നു.

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളിൽ സമ്പൂർണ മദ്യനിരോധനം

പത്തനംതിട്ട : തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന വില്ലേജ് പരിധികളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവിറക്കി. 12, 13 തീയതികളിലാണ് മദ്യനിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര എത്തിച്ചേരുന്നതിന് ആറുമണിക്കൂർ മുൻപും കടന്നുപോയതിന് നാലുമണിക്കൂർ ശേഷവുമാണ് മദ്യനിരോധനം.

പന്തളം, കുളനട വില്ലേജ് പരിധികളിൽ 12-ന് രാവിലെ ആറുമുതൽ വൈകീട്ട് അഞ്ചുവരെയും കിടങ്ങന്നൂർ പരിധിയിൽ 12-ന് രാവിലെ 10 മുതൽ രാത്രി എട്ടു വരെയും ആറന്മുള, മല്ലപ്പുഴശേരി എന്നിവടങ്ങളിൽ 12-ന് രാവിലെ 11 മുതൽ രാത്രി 9 വരെയും കോഴഞ്ചേരിയിൽ 12-ന് ഉച്ചയ്ക്ക് ഒന്നുമുതൽ രാത്രി 11 വരെയും ചെറുകോൽ, അയിരൂർ പരിധിയിൽ 12-ന് വൈകീട്ട് മൂന്നുമുതൽ 13-ന് രാവിലെ ഏഴുവരെയും നിരോധനമാണ്. റാന്നിയിൽ 13-ന് രാവിലെ ആറുമുതൽ 10 വരെയും വടശ്ശേരിക്കരയിൽ 13-ന് രാവിലെ ആറുമുതൽ 12 വരെയും റാന്നി-പെരുനാട് വില്ലേജ് പരിധിയിൽ 13-ന് രാവിലെ എട്ടുമുതൽ രാത്രി 10 വരെയുമാണ് മദ്യനിരോധനം. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തുനിന്നും റാന്നി-പെരുനാട് മാളികപ്പുറം ക്ഷേത്രത്തിൽ മടങ്ങിയെത്തുന്ന ജനുവരി 21-ന് റാന്നി-പെരുനാട് വില്ലേജ് പരിധിയിൽ 24 മണിക്കൂർ സമ്പൂർണ മദ്യനിരോധനവും ഏർപ്പെടുത്തി.

കാൽനടയായി പരമ്പരാഗതപാതയിലൂടെ

നൂറ്റാണ്ടുകൾക്കുമുമ്പ് പന്തളം രാജാവ് തെളിച്ചിട്ട രാജപാതയിലൂടെയാണ് തിരുവാഭരണഘോഷയാത്ര കടന്നുപോകുന്നത്.

വഴിയിലെല്ലാം സ്വീകരണങ്ങളുണ്ട്. ക്ഷേത്രങ്ങളും കുടുംബങ്ങളും സംഘടനകളും നാട്ടുകാരുമെല്ലാം ഘോഷയാത്രയെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ മാത്രമാണ് ഇവിടെ ചേർക്കുന്നത്. ഈ വർഷം പെട്ടി പ്രധാന സ്ഥലങ്ങളിൽ ഇറക്കിവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്. തുറക്കുകയില്ല.

ഘോഷയാത്ര എത്തുന്ന സ്ഥലവും സമയവും

ജനുവരി 12-ന് ഉച്ചയ്ക്ക് ഒരുമണിക്ക്‌ പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽനിന്നു ആരംഭം. 1.15-ന് മണികണ്ഠനാൽത്തറയിൽ ആദ്യ സ്വീകരണം. കൈപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം-1.30, കുളനട ഭഗവതി ക്ഷേത്രം-1.45, ഉള്ളന്നൂർ ശ്രീഭദ്രാദേവീക്ഷേത്രം-3.00, പറയങ്കര ഗുരുമന്ദിരം-3.15, കുറിയാനപ്പള്ളി ക്ഷേത്രം-3.30, കാവുംപടി ക്ഷേത്രം-4.15, കിടങ്ങന്നൂർ ജങ്‌ഷൻ-5.00, നാൽക്കാലിക്കൽ സ്‌കൂൾ കവല-5.30, ആറന്മുള കിഴക്കേനട-6.15, പൊന്നുംതോട്ടം ക്ഷേത്രം-6.35, പാമ്പാടിമണ്ണ്-7.10, ചെറുകോൽപ്പുഴ ക്ഷേത്രം-8.15, അക്വഡേറ്റിന് താഴെ-8.45, അയിരൂർ പുതിയകാവ് ദേവീക്ഷേത്രം-9.00.

13-ന് രണ്ടാം ദിവസം

പുലർച്ചെ മൂന്നിന് പുതിയകാവ് ദേവീക്ഷേത്രത്തിൽനിന്നു യാത്രതിരിക്കും. ഇടപ്പാവൂർ-3.20, പേരൂർചാൽ-3.35, ആഴിക്കൽക്കുന്ന്-4.10, ഇടക്കുളം അയ്യപ്പക്ഷേത്രം-5.05, പള്ളിക്കമുരുപ്പ്-6.00, പേങ്ങോട്ടുകടവ്-6.25, വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രം-7.00, പ്രയാർ മഹാവിഷ്ണു േക്ഷത്രം-7.20, ചെമ്പോൺ സുധാലയം വീട്-8.15, മണ്ഡകത്തിൽ കുടുംബം-8.45, മാടമൺ ഋഷികേശ ക്ഷേത്രം-08.50, പൂവത്തുമൂട്-9.30, കൂടക്കാവ്-9.45, കൂടക്കാവ് വീട്-10.00, പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രം-11.00, പെരുനാട് രാജേശ്വരീ മണ്ഡപം-4.00, കൂനംകര ശരണാശ്രമം-5.15, കൂനംകര ചപ്പാത്ത്-5.30, പുതുക്കട തിരുവാഭരണപ്പാറ-6.00, ളാഹ ഇരുമ്പുട്ടാൻ തോട്-7.00, അമ്മൻകോവിൽ-7.30, ളാഹ വനംവകുപ്പ് സത്രം-7.30.

14-ന് മൂന്നാം ദിവസം

പുലർച്ചെ രണ്ടിന് ളാഹയിൽനിന്നു യാത്രതിരിക്കും. കുളഞ്ഞിത്തോട്-2.15, പ്ലാപ്പള്ളി-4.45, ഇലവുങ്കൽ-6.00, നിലയ്ക്കൽ-7.00, നിലയ്ക്കൽ ഗോപുരം-8.10, അട്ടത്തോട്-8.45, കൊല്ലമൂഴി താഴെ-9.45, ഒലിയമ്പുഴ-11.15, വലിയാനവട്ടം-12.30, നീലിമല-2.00, ശബരിപീഠം-4.00, ശരംകുത്തി-5.30, സന്നിധാനം-6.00.