എരുമേലി: ആള്‍ക്കൂട്ടവും ആരവവുമില്ല. അയ്യപ്പനും വാവരും കാത്തുസൂക്ഷിച്ച ഉദാത്തസൗഹൃദം, നിറഞ്ഞ ഭക്തിയോടെ പങ്കുവെച്ച് ചന്ദനക്കുടം ഉത്സവം സമാപിച്ചു.

പോയകാല സ്മൃതികളിലൂടെ ആഘോഷവും ആഹ്ലാദവുമെല്ലാം ഭക്തമനസ്സുകളില്‍ ഇരമ്പിയെത്തി. നൈനാര്‍ മസ്ജിദില്‍ നിന്ന് ആരംഭിച്ച ചന്ദനക്കുടം ഘോഷയാത്രയെ രണ്ട് ശാസ്താക്ഷേത്രങ്ങളിലും ആചാരപരമായി സ്വീകരിച്ചത് സൗഹൃദക്കാഴ്ചയായി. ആചാരച്ചടങ്ങുകള്‍ മാത്രം നടന്ന ചന്ദനക്കുടരാവില്‍ നാനാജാതിമതസ്ഥര്‍ മനസുകൊണ്ട് സ്വീകരണമൊരുക്കി.

എരുമേലി നൈനാര്‍ മസ്ജിദില്‍ മഗ്രിബ് നമസ്‌കാരം കഴിഞ്ഞ് വൈകീട്ട് ഏഴുമണിയോടെ ചന്ദനക്കുടം ഘോഷയാത്രയിറങ്ങി. പേട്ട ശാസ്താക്ഷേത്രത്തില്‍ ദേവസ്വം സ്പെഷ്യല്‍ ഓഫീസര്‍ വിശാഖ്, മേല്‍ശാന്തി ആര്‍.സി.ഉണ്ണികൃഷ്ണശര്‍മ, ധര്‍മശാസ്താക്ഷേത്രത്തില്‍ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ കൃഷ്ണകുമാരവാര്യര്‍, അസി. കമ്മിഷണര്‍ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്.ആര്‍.രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചന്ദനക്കുടം ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി.

നെറ്റിപ്പട്ടം കെട്ടിയ ശുരൂര്‍മഠം രാജശേഖരന്‍ എന്ന കൊമ്പന്‍ ചന്ദനക്കുടം ഘോഷയാത്രയ്ക്ക് അകമ്പടിയായി. പേട്ടക്കവലയില്‍ പി.സി.ജോര്‍ജ് എം.എല്‍.എ., ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.എസ്.കൃഷ്ണകുമാര്‍, ജൂബി അഷറഫ് തുടങ്ങിയ ജനപ്രതിനിധികള്‍ സ്വീകരണം നല്‍കി.

ഘോഷയാത്ര പത്തുമണിയോടെ മസ്ജിദ് അങ്കണത്തില്‍ തിരികെയെത്തി കൊടിയിറക്കി സമാപിച്ചു.

ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ഹാജി പി.എച്ച്.ഷാജഹാന്‍, നൈസാം പി.അഷറഫ്, നൗഷാദ് കുറുങ്കാട്ടില്‍, നാസര്‍ പനച്ചി, സലീം കണ്ണങ്കര, അബ്ദുല്‍കരിം വെട്ടിയാനിക്കല്‍, റസല്‍ സലിം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ പോലീസ് ചീഫ് ജി.ജയദേവ് സുരക്ഷാക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.