പന്തളം: തിരുവാഭരണ ഘോഷയാത്ര ചൊവ്വാഴ്ച പന്തളത്തുനിന്ന് ശബരീശ സന്നിധിയിലേക്ക് യാത്രയാകും. വഴിയുടനീളം ആഭരണപ്പെട്ടികളെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി.

കോവിഡിന്റെ നിയന്ത്രണങ്ങളുള്ളതിനാൽ പെട്ടിതുറക്കുന്നതിന് വിലക്കുണ്ടെങ്കിലും 83 കിലോമീറ്റർ നീളുന്ന യാത്രയിൽ നൂറിലധികം സ്ഥലങ്ങളിൽ കർപ്പൂരാഴി ഉഴിഞ്ഞ് ഘോഷയാത്രയെ വരവേൽക്കും. മുൻ വർഷങ്ങളിലേപ്പോലെ ഉത്സവപ്രതീതി ഇല്ലെങ്കിലും വഴിയും ക്ഷേത്രങ്ങളുമെല്ലാം ഘോഷയാത്രയെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. പെട്ടി ഇറക്കിവെയ്ക്കുന്ന സങ്കേതങ്ങൾ ഇത്തവണ അണുവിമുക്തമാക്കണമെന്ന നിർദേശം ദേവസ്വം ബോർഡ് നൽകിയിട്ടുണ്ട്. കമാനങ്ങളും നിലവിളക്കും നിറപറയും തോരണങ്ങളും ഒന്നുമില്ലെങ്കിലും തിരുവാഭരണ പാത കാടുവെട്ടിയും പുനരുദ്ധാരണം നടത്തിയും ഒരുക്കിയിട്ടുണ്ട്.

ഘോഷയാത്രയ്ക്കൊപ്പം മലചവിട്ടാൻ

ആഭരണപ്പെട്ടികൾ ശിരസ്സിലേറ്റുന്ന 24 അംഗ സംഘത്തെയും മറ്റ് സംഘാംഗങ്ങളെയും കൂടാതെ ശരണംവിളിച്ച് പാട്ടുപാടി ഘോഷയാത്രയ്ക്കൊപ്പം നടന്നുനീങ്ങുന്ന സ്വാമിമാരായിരുന്നു ഘോഷയാത്രയുടെ ആകർഷണവും ശക്തിയും. നൂറിലധികം വരുന്ന ഇത്തരം ചെറുസംഘങ്ങൾക്കാണ് ഇത്തവണ കൂടെപ്പോകാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ചുട്ടുപൊള്ളുന്ന വെയിലിലും കാൽനടയുടെ ക്ഷീണത്തിലും ഘോഷയാത്രയ്ക്ക് ശരണം വിളിച്ച് ശക്തിപകരുന്നത് ഇതിനൊപ്പം നീങ്ങുന്ന ഭക്തരുടെ സംഘമായിരുന്നു.

പേടകങ്ങൾ ശിരസ്സിലേറ്റുന്ന ഗുരുസ്വാമിമാരെപ്പോലെ വൃശ്ചികം ഒന്നുമുതൽ വ്രതമെടുത്ത് അയ്യപ്പന്റെ ആഭരണങ്ങൾക്കൊപ്പം മലചവിട്ടാൻ കാത്തിരുന്നവരെ നിരാശരാക്കുന്നതായിരുന്നു പുതിയ തീരുമാനം. സുരക്ഷിതമായ യാത്രയ്ക്കുവേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊട്ടാരവും ദേവസ്വംബോർഡും തീരുമാനിച്ചത്.

ആഭരണപ്പെട്ടികൾകണ്ട് വണങ്ങാം

പേടകം തുറന്ന് ദർശനമില്ല എന്നതൊഴിച്ചാൽ യാത്രയിൽ അധികം മാറ്റങ്ങളില്ല.

പെട്ടികൾ കടന്നുപോകുന്നതുകണ്ട് തൊഴാനെത്തുന്നവർ അകലംപാലിച്ചും കൂട്ടം കൂടാതെയും പെട്ടിയിൽ തൊട്ട് വണങ്ങാതെയും സുരക്ഷിതമായി യാത്ര കടന്നുപോകുന്നതിന് വീഥിയൊരുക്കണമെന്നാണ് കൊട്ടാരത്തിന്റെയും ദേവസ്വം ബോർഡിന്റെയും അഭ്യർഥന.

സുരക്ഷ മുൻ നിർത്തിയാണ് പൂമാല ഇട്ടുള്ള സ്വീകരണംവരെ ഒഴിവാക്കാൻ തീരുമാനമെടുത്തത്. കർപ്പൂരാഴി ഉഴിഞ്ഞും വിളക്കു കൊളുത്തിയും സ്വീകരിക്കാം.

രാജപ്രതിനിധിയും പല്ലക്കുമില്ല

കൊട്ടാരം കുടുംബാംഗത്തിന്റെ പ്രസവത്തെത്തുടർന്ന് അശുദ്ധിയായതിനാൽ ഘോഷയാത്രയെ നയിക്കേണ്ട രാജപ്രതിനിധിക്ക് ശബരിമലയിലേക്ക് പോകാൻ കഴിയുകയില്ല.

രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ നടത്തേണ്ട ആചാരപരമായ ചടങ്ങുകളും രാജചിഹ്നമായ പല്ലക്കും ഇത്തവണ ഘോഷയാത്രയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

16-ന് കൊട്ടാരത്തിൽ ശുദ്ധിക്രിയകൾ കഴിഞ്ഞാൽ കൊട്ടാരം കുടുംബാംഗങ്ങൾ, രാജപ്രതിനിധിക്കു പകരം ശബരിമലയിൽ നടക്കുന്ന ചടങ്ങുകളിലും മാളികപ്പുറത്ത് നടക്കുന്ന കുരുതിയിലും സാന്നിധ്യം വഹിക്കും.

എന്നാൽ വലിയതമ്പുരാനിൽനിന്ന് ഉടവാൾ ഏറ്റുവാങ്ങാത്തതിനാൽ രാജപ്രതിനിധി നിറവേറ്റേണ്ട കർമങ്ങൾ ഉണ്ടാകില്ല.