ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. മേൽശാന്തി ജയരാജ് പോറ്റി കോവിഡ് നിരീക്ഷണത്തിലായതിനാൽ തന്ത്രി കണ്ഠര് രാജീവരാണ് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് നട തുറന്നത്. ശ്രീകോവിലിലേക്ക്‌ നാല് സഹായികളും തന്ത്രിയെ അനുഗമിച്ചു. മണ്ഡലപൂജയ്ക്ക് നടയടച്ചശേഷം യോഗനിദ്രയിലായ അയ്യപ്പനു മുൻപിൽ ദണ്ഡനമസ്‌കാരം ചെയ്തശേഷം തന്ത്രി വിഗ്രഹത്തിലെ ഭസ്മംനീക്കി പൂജകൾ ചെയ്തു. തുടർന്ന്, സന്നിധാനത്തെ ഗണപതിക്ഷേത്രനട തുറന്ന തന്ത്രി, പതിനെട്ടാംപടിയിറങ്ങി താഴെ ആഴിയിൽ ദീപം പകർന്നു.

സഹായികളായ മൂന്നുപേരടക്കം ദേവസ്വത്തിലെ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മേൽശാന്തി നിരീക്ഷണത്തിൽ പോയത്. ആരോഗ്യവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണിത്.

സന്നിധാനം മൈക്രോ കൺടെയ്‌ൻമെന്റ് മേഖലയാക്കി പ്രഖ്യാപിക്കണമെന്ന് സന്നിധാനത്തെയും നിലയ്ക്കലിലെയും മെഡിക്കൽ ഓഫീസർമാർ ശുപാർശ ചെയ്തിട്ടുണ്ട്. 350-ലേറെ പേരിൽ നടത്തിയ പരിശോധനയിലാണ് ഏഴുപേർക്ക് കോവിഡ് കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് ഭക്തർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനാകുക. ദിവസം 5000 പേർക്കാണ് ദർശനം. ഓൺലൈനിലാണ് ഇവർ ദർശനത്തിന് ബുക്കുചെയ്തത്.