ശബരിമല: മകരവിളക്ക് ഉത്സവകാലത്ത് ശബരിമല ദർശനത്തിന് എത്തുന്ന അയ്യപ്പന്മാർക്ക് തീർഥാടനം ചെലവേറിയതാകും. ആർ.ടി.പി.സി.ആർ., ആർ.ടി.ലാംപ്‌, എക്‌സ്പ്ര‌സ് നാറ്റ് എന്നിവയിൽ എതെങ്കിലും ഒരു പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്ക് മാത്രമേ ദർശനം അനുവദിക്കൂ. ഡ്യൂട്ടിക്ക് എത്തുന്ന ദേവസ്വം, സർക്കാർ ജീവനക്കാരും ഈ സർട്ടിഫിക്കറ്റ് നൽകണം.

കോവിഡ് കണ്ടുപിടിക്കാനുളള ആർ.ടി.പി.സി.ആർ., ആർ.ടി.ലാംപ്‌, എക്‌സ്പ്ര‌സ് നാറ്റ് പരിശോധനകൾക്ക് ചെലവ് കൂടുതലാണ്. പരിശോധനാ ഫലം ലഭിക്കാനും കാലതാമസമുണ്ട്. ഇതാണ് തീർഥാടകരെ ബുദ്ധിമുട്ടിലാക്കുക.

സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശപ്രകാരമാണ് പുതിയ തീരുമാനം. മണ്ഡലവിളക്ക് കാലത്ത് ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതിയായിരുന്നു. ഇതിനുള്ള സൗകര്യം നിലയ്ക്കലിൽ ഉണ്ടായിരുന്നു. ശബരിമല മേഖലയിൽ കോവിഡ് വ്യാപിച്ചതാണ് പുതിയ തീരുമാനത്തിന് കാരണം.

ആർ.ടി.പി.സി.ആർ. ഉൾപ്പെടെയുള്ള പരിശോധന നടത്താനുള്ള സൗകര്യം നിലയ്ക്കൽ ഇല്ല. ആർ.ടി.ലാംപ്‌ പരിശോധനയ്ക്കുള്ള മെഡിക്കൽ ലാബ് നിലയ്ക്കലിൽ ആരംഭിക്കാനുള്ള ചർച്ച ദേവസ്വം ബോർഡ് നടത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല. ലാബിന് സർക്കാർ അനുമതി ലഭിച്ചാൽ മാത്രമേ ആരംഭിക്കാനാകൂ. ഇതിനുള്ള ചർച്ചകൾ നടക്കുകയാണ്.

ആർ.ടി.പി.സി.ആർ., എക്സ്പ്ര‌സ് നാറ്റ് എന്നീ പരിശോധനകൾക്ക് 2100 രൂപയാണ്. ആർ.ടി.ലാംപ്‌ പരിശോധനയ്ക്ക് 1100 രൂപയും. വിവിധ ലാബുകളിൽ ഈ നിരക്കിൽ വ്യത്യാസം ഉണ്ടാകാം.

ആർ.ടി.പി.സി.ആർ. ഫലം ലഭിക്കാൻ 24 മണിക്കൂർ സമയം എടുക്കും. 48 മണിക്കൂറിനുള്ളിലുള്ള സർട്ടിഫിക്കറ്റാണ് നിലയ്ക്കലിൽ നൽകേണ്ടത്. മണ്ഡലവിളക്ക് കാലത്ത് ആന്റിജൻ പരിശോധനയ്ക്ക് നിലയ്ക്കലിൽ ആരോഗ്യവകുപ്പിന്റെ സംവിധാനം ഉണ്ടായിരുന്നു. പരിശോധന സൗജന്യമായിരുന്നു. സ്വകാര്യ ലാബുകളിൽ ഇതിന് 625 രൂപ നൽകണമായിരുന്നു.

ഡിസംബർ 30-നാണ് ശബരിമല നട തുറക്കുക. 31 മുതൽ അയ്യപ്പന്മാരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചുതുടങ്ങും.