റാന്നി: ശബരിമലയിൽ കളമെഴുത്തിനും കുരുതിക്കും ആവശ്യമായ പഞ്ചവർണപൊടികൾ റാന്നി തോട്ടമൺകാവ് ക്ഷേത്രത്തിൽനിന്നു പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ.നാരായണവർമ്മ ഏറ്റുവാങ്ങി.

ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര കഴകം രാമചന്ദ്രപണിക്കരിൽനിന്നു നാരായണവർമ്മ പൊടികൾ ഏറ്റുവാങ്ങി. മേൽശാന്തി അജിത്കുമാർ പോറ്റി, തോട്ടമൺകാവ് ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ്, സത്യശേഖരൻ നായർ,ഹരികുമാർ,രാജീവ്,കുന്നക്കാട്ട് കുടുംബ പ്രതിനിധി രവി കുന്നക്കാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുരാതനകാലം മുതൽ റാന്നി തോട്ടമൺകാവിൽനിന്നുമാണ് പഞ്ചവർണ പൊടികൾ ശബരിമലയ്ക്ക് കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

മണ്ഡലകാലത്ത് കളമെഴുത്തും പാട്ടുമുള്ള തോട്ടമൺകാവിൽനിന്നു 41 ദിവസത്തെയും കളമെഴുത്ത് കഴിഞ്ഞാണ് പൊടികൾ ആചാരവിധിപ്രകാരം ശബരിമലയിലേക്ക് ഏറ്റുവാങ്ങുന്നത്. അരിപ്പൊടി,വാകയിലപ്പൊടി(പച്ച),മഞ്ഞൾപൊടി,ഉമിക്കരി,ചുണ്ണാമ്പും മഞ്ഞളും ചേർത്തു പൊടിച്ചത്(ചുവപ്പ്) എന്നീ പഞ്ചവർണപൊടികൾ ചേർത്താണ് കളമെഴുത്തും പാട്ടും നടക്കുന്നത്. റാന്നിയിൽനിന്നു ഏറ്റുവാങ്ങിയ പൊടികൾ പന്തളത്ത് തിരുവാഭരണം സൂക്ഷിക്കുന്ന അറയിൽ എത്തിക്കും. ജനുവരി 10-ന് കുന്നയ്ക്കാട്ട് കുടുംബാംഗങ്ങൾ ഇവ പന്തളം രാജപ്രതിനിധിയിൽനിന്നു ഏറ്റുവാങ്ങി 11-ന് ശബരിമലയ്ക്ക്‌ പോകും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നതിന് തലേദിവസമാണ് കളമെഴുത്തും കുരുതിയും.