sabarimala
ശ്രീധരൻ ശബരിമല സന്നിധാനത്ത് പത്രവിതരണത്തിൽ | ഫോട്ടോ: വി.കെ.അജി

ശബരിമല: ശ്രീധരന്റെ തീർഥയാത്രകൾ തുടരുന്നു. കന്യാകുമാരിമുതൽ കശ്മീർവരെയുള്ള ഭാരതക്ഷേത്രങ്ങളിൽ ഒട്ടുമിക്കയിടങ്ങളും ശ്രീധരൻ സന്ദർശിച്ചുകഴിഞ്ഞു. ഒന്നല്ല, പലവട്ടം. നേപ്പാളിലെ പശുപതിനാഥക്ഷേത്രത്തിലും എത്തി, 22 തവണ.

ശബരിമല സന്നിധാനത്തെയും പമ്പയിലെയും മാതൃഭൂമി എജന്റും വിതരണക്കാരനുമാണ് ഇദ്ദേഹം. ഒാരോ യാത്രയുടെയും മൂലധനം, ഒരുവർഷം പത്രവിതരണത്തിലുടെ ലഭിക്കുന്ന തുകയാണ്.

ആറുതവണ കൈലാസയാത്ര നടത്തി. 22 തവണ അമർനാഥിലും കാശി വിശ്വനാഥക്ഷേത്രത്തിലും കേദാർനാഥ് ഉൾപ്പെടെയുള്ള ഹിമാലയ ക്ഷേത്രങ്ങളിലും പോയി. എല്ലാ മാസവും തിരുപ്പതി ദർശനം നടത്തുന്ന 62 വയസ്സുള്ള ശ്രീധരന്റെ യാത്ര 35-ാംവയസ്സിലാണ്‌ തുടങ്ങിയത്. കോവിഡ് നിയന്ത്രണംകാരണം, മാർച്ചുമുതൽ ഡിസംബർവരെ തിരുപ്പതിദർശനം നടന്നില്ല.

ഒാരോ തീർഥയാത്രയ്ക്ക് മുമ്പുംപിമ്പും ശ്രീധരൻ ശബരിമലയിലായിരിക്കും. എല്ലാ ദിവസവും പത്രക്കെട്ടുമായി മലകയറും. മേൽശാന്തിമാർക്കും പോലീസ്‌സ്റ്റേഷനിലും ദേവസ്വം മരാമത്ത് ഓഫീസിലും പത്രം എത്തിക്കുന്നു.വയനാട് മീനങ്ങാടി ചീരാംകുന്ന് പള്ളിപ്പാട് പുത്തൻവീട്ടിൽ പി.എൻ.ശ്രീധരന്റെ യാത്ര മൂകാംബിയിൽനിന്ന് തുടങ്ങിയതാണ്.

കുടജാദ്രിയിൽ ഒന്നരവർഷം മൗനവ്രതം അനുഷ്ഠിച്ചു. തുടർന്ന് എത്തിയത് ശബരിമലയിൽ. പാത്രക്കടയിൽ ജീവനക്കാരനായി. പിന്നെ, പത്രവിതരണക്കാരനും എജന്റുമായി. എല്ലാവർഷവും മകരവിളക്കുകഴിഞ്ഞ് ശബരിമലനട അടച്ചാൽ ശ്രീധരന്റെ യാത്ര തുടങ്ങുകയായി. യാത്രക്കൂലിമാത്രമാണ് ചെലവ്. എല്ലാ തീർഥാടനകേന്ദ്രത്തിലെയും ആശ്രമങ്ങളിലാണ് താമസം. ഭക്ഷണവും അവിടെനിന്നുതന്നെ. കൈലാസയാത്രയ്ക്ക് ചില ആശ്രമങ്ങൾ ധനസഹായം നൽകിയെന്ന് ശ്രീധരൻ പറഞ്ഞു.

ശങ്കരാചാര്യർ സ്ഥാപിച്ച എല്ലാ മഠങ്ങളിലും പോയിട്ടുണ്ട്. 12 ജ്യോതിർലിംഗക്ഷേത്രങ്ങളിലും തൊഴുതു. 22 തവണ ഹരിദ്വാറിൽ പോയി. കുംഭമേളയിലും മൂന്നുതവണ പങ്കെടുത്തു. അവിവാഹിതനാണ്.