ശബരിമല: ശബരിമലക്ഷേത്ര പരിസരം പുണ്യഭൂമിയായി നിലനിർത്തുന്നത് വിശുദ്ധിസേന. ഈ മണ്ണിൽ വീഴുന്ന ഒരോ മാലിന്യവും ഇവർ നിരന്തരം നീക്കുന്നു.

തമിഴ്‌നാട്ടിൽനിന്നുള്ള 100 തൊഴിലാളികളാണ് വിശുദ്ധിസേനയിലുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരുടെ എണ്ണം കുറച്ചതിനാൽ വിശുദ്ധിസേനാംഗങ്ങളുടെ എണ്ണവും ഈ വർഷം പരിമിതപ്പെടുത്തിയിരുന്നു. മരക്കൂട്ടം മുതൽ നടപ്പന്തൽ വരെയും സന്നിധാനത്തും പരിസരങ്ങളിലുമായാണ് വിശുദ്ധി സേനയുടെ പ്രവർത്തനം. സേനാംഗങ്ങളെ 20 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് പരിസര ശുചീകരണം, മാലിന്യം ശേഖരിച്ച് സംസ്‌കരിക്കൽ എന്നിവ നടത്തുന്നത്.

കാനന പാതയിലേത് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം സംസ്‌കരണ കേന്ദ്രത്തിലെത്തിക്കും. തുടർന്ന് ഇൻസിനറേറ്ററിൽ സംസ്‌കരിക്കും. കോവിഡ് പശ്ചാത്തലത്തിൽ നടപ്പന്തലിലും ശ്രീകോവിലിന് സമീപവും അരവണ കൗണ്ടറിന് സമീപവും ഉൾപ്പെടെ ഭക്തർ എത്തുന്ന എല്ലാ സ്ഥലങ്ങളിലേയും കൈവരികൾ ഓരോ രണ്ടുമണിക്കൂറും ഇടവിട്ട് അണുവിമുക്തമാക്കുന്നതും വിശുദ്ധി സേനാംഗങ്ങളാണ്.

പത്തനംതിട്ട ജില്ലാ കളക്ടർ നേതൃത്വം നൽകുന്ന ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റിക്കാണ് സന്നിധാനത്തെ വിശുദ്ധി സേനയുടെ നിയന്ത്രണം. ശബരിമല എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഉദ്യോഗസ്ഥ സംഘത്തിനാണ് വിശുദ്ധി സേനയുടെ മേൽനോട്ടച്ചുമതല. വിശുദ്ധി സേനാംഗങ്ങൾക്ക് സന്നിധാനത്ത് ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.

അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിലും സന്നിധാനത്ത് ശുചീകരണം നടക്കുന്നുണ്ട്.