ശബരിമല: പാരമ്പര്യമായി തുടർന്ന ആചാരം മുടങ്ങിയതിന് പരിഹാരമായി മണർകാട് സംഘം ശബരിമല ശാസ്താവിന് ഇരുപത്തിയാറാംതവണയും പണക്കിഴി സമർപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ സന്നിധാനത്ത് എത്തിയ സംഘം ഉച്ചപ്പൂജ സമയത്താണ് പണക്കിഴി ശ്രീകോവിൽ നടയിൽ സമർപ്പിച്ചത്. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കോട്ടയം മണർകാട് ദേവീക്ഷേത്രത്തിന്റെ ഇരുപത്തിയെട്ടരക്കരയിൽനിന്നുള്ളവരാണ് മണർകാട് സംഘത്തിലുണ്ടായിരുന്നത്.

പണ്ട് ഘോരവനത്തിൽക്കൂടി മേൽശാന്തിമാരെ ശബരിമലയിൽ എത്തിച്ചിരുന്നത് മണർകാട് സംഘമായിരുന്നു. എന്നാൽ, എപ്പോഴോ ഈ ചടങ്ങ് നിലച്ചു. ഇതിന് പരിഹാരമായാണ് എല്ലാ വർഷവും മണർകാട് സംഘം ശബരിമലയിലെത്തി പണക്കിഴി സമർപ്പിക്കുന്നത്.

മണർകാട് ദേവീക്ഷേത്രത്തിലെ ശാസ്താനടയിൽനിന്ന് കെട്ടുമുറുക്കിയാണ് ഇവർ എത്തിയത്. മുമ്പ് ഈ സംഘത്തിൽ 60 പേർവരെ ഉണ്ടായിരുന്നു.

എന്നാൽ, കോവിഡ് നിയന്ത്രണംമൂലം ഇത്തവണ കാനനപാത വഴി വരാൻ കഴിഞ്ഞില്ല. സംഘത്തിലെ അംഗങ്ങളുടെ എണ്ണവും കുറച്ചു.

സംഘത്തിലെ സി.എൻ. പ്രകാശ് കുമാർ, സുനിൽ കുമാർ, അനിൽ കുമാർ, ജിഷ്ണു എം.പണിക്കർ എന്നിവർ മാത്രമാണ് ഇത്തവണ സന്നിധാനത്ത് എത്തിയത്. ധനു രണ്ടിന് വ്യാഴ്യാഴ്ചയായിരുന്നു കെട്ടുമുറുക്ക്. കെട്ടുമുറുക്കിയപ്പോൾ വിരിച്ച നീലപ്പട്ടിൽ, വിശ്വാസപൂർവം കരക്കാർ സമർപ്പിച്ച പണമാണ് കിഴിയായി ശബരിമല നടയിൽ സമർപ്പിച്ചത്. ഈ കിഴി ദേവസ്വം അധികൃതർ പിന്നീട് എറ്റുവാങ്ങി. ചടങ്ങിനുശേഷം സംഘം മലയിറങ്ങി.