ശബരിമല: ശരണംവിളിയുടെ പാരമ്യത്തില്‍ ഭക്തരുടെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. ശബരിമലയില്‍ ജ്യോതി തെളിയുന്നതും കാത്ത് ആകാശത്തേക്ക് കണ്ണയച്ചു നില്‍ക്കുകയായിരുന്നു ഭക്തര്‍. തിരുവാഭരണങ്ങള്‍ ഭഗവാന് ചാര്‍ത്തി ദീപാരാധന തീരുമ്പോള്‍ ആ കണ്ണുകളെല്ലാം പൊന്നമ്പലമേട്ടില്‍. ഇരുള്‍വീഴും മുമ്പ് 6.42ന് ജ്യോതി തെളിഞ്ഞപ്പോള്‍ ശരണം വിളികള്‍ ഉച്ചസ്ഥായിലായി.

സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും ചേര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. ദീപാരാധനയ്ക്ക് പിന്നാലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു. ആകാശത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നു. ഭക്തിയും അപൂര്‍വതയും ഒത്തുചേര്‍ന്ന മകരവിളക്ക് ദര്‍ശനത്തില്‍ അയ്യപ്പ ഭക്തരുടെ മനം നിറഞ്ഞു. 

കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവത്തെ മകര വിളക്ക് ദര്‍ശനം. 5000 പേര്‍ക്കാണ് സന്നിധാനത്ത് ജ്യോതി ദര്‍ശിക്കാനുള്ള അവസരമുണ്ടായിരുന്നത്. സന്നിധാനത്തുനിന്ന് മാത്രമേ മകരജ്യോതി ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. പാഞ്ചാലിമേട്, പുല്‍മേട്, പരുന്തുപാറ തുടങ്ങി സാധാരണ തീര്‍ഥാടകര്‍ തടിച്ചുകൂടാറുള്ള സ്ഥലങ്ങളില്‍നിന്നൊന്നും ഇത്തവണ വിളക്ക് കാണാന്‍ അനുവദിച്ചിരുന്നില്ല.

താപസ ഭാവത്തിലാണ് ശബരിമലയിലെ പ്രതിഷ്ഠ. എന്നാല്‍ വില്ലാളിവീരനായ ഭാവത്തില്‍ കാണണമെന്ന പിതാവായ പന്തളത്ത് രാജാവിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായാണ് ഈ ഒരു ദിവസം തിരുവാഭരണങ്ങള്‍ സ്വീകരിക്കുന്നത്. ശബരിമലയില്‍ ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതുന്നതും മകരസംക്രമ ദിനത്തിലാണെന്നാണ് വിശ്വാസം. അയ്യപ്പന്‍ ജനിച്ചെന്ന് കരുതുന്നതും, അയ്യപ്പന്‍ ശബരിമല ക്ഷേത്രത്തിലെ ധര്‍മ ശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചെന്ന് കരുതുന്നതും ഈ ദിനത്തിലാണ്. ഇത്രത്തോളം പ്രാധാന്യമാണ് മകരസംക്രമ ദിനത്തില്‍ ശബരിമലയ്ക്കുള്ളത്.

content highlights; sabarimala makaravilakku, sabarimala pilgrimage