ശബരിമല: പമ്പയില്‍നിന്ന് രാത്രി ഏഴിന് ശബരിമലയിലേക്ക് അവസാനം കയറ്റിവിടുന്ന തീര്‍ഥാടകര്‍ നട അടയ്ക്കുന്ന രാത്രി ഒന്‍പതിനു മുമ്പായി ദര്‍ശനത്തിന് എത്തുന്നു എന്ന് സി.സി.ടി.വിയിലൂടെ പോലീസ് ഉറപ്പാക്കും. സന്നിധാനം ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹൈ ലെവല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സ്‌പെഷ്യല്‍ ഓഫീസര്‍ സൗത്ത് സോണ്‍ ട്രാഫിക് എസ്.പി. ബി.കൃഷ്ണകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
സന്നിധാനത്ത് സേവനം അനുഷ്ടിക്കുന്ന എല്ലാ വകുപ്പുകളിലും ഓരോ കോവിഡ് പ്രോട്ടോക്കോള്‍ കം ലെയ്‌സണ്‍ ഓഫീസറെ നിയോഗിച്ചു. അതത് വകുപ്പ് ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ലെയ്സണ്‍ ഓഫീസര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി നടപടി എടുക്കുന്നതിനും കോവിഡ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് അധികാരം നല്‍കി.ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ഫ്‌ളൈഓവറിന് കിഴക്കേ ട്രാക്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുമുടിക്കെട്ടഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. സോപാനത്ത് ചെന്ന് ഗണപതികോവിലും കഴിഞ്ഞ് മാളികപുറത്തേക്ക് പോകുന്ന വഴി ഫ്‌ളൈഓവര്‍ കയറുന്ന സമയത്ത് കാണുന്ന രണ്ടു പാതയില്‍ കിഴക്കേ വശത്തുള്ള പാതയിലാണ് ഭക്തര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുമുടിക്കെട്ട് അഴിക്കാനുള്ള താത്കാലിക സൗകര്യം ഒരുക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ കടകളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതരണം നടത്താന്‍ ഡിസ്‌പോസിബിള്‍ പ്ലേറ്റും ഗ്ലാസുമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തും.
മരക്കൂട്ടം, ചരല്‍മേട്, സന്നിധാനം എന്നിവിടങ്ങളില്‍ അടിയന്തരഘട്ടങ്ങളില്‍ സ്ട്രച്ചര്‍ എടുക്കുന്നതിന് സേവനത്തിലുള്ള അയ്യപ്പസേവാ സംഘം പ്രവര്‍ത്തകര്‍ക്ക് ആരോഗ്യവകുപ്പ് മാസ്‌ക്, ഗ്ലൗസ് എന്നിവ നല്‍കും. എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ ബി.എസ്. ശ്രീകുമാര്‍, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് പി.വി. സുധീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. മൃദുല്‍ മുരളീകൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്ത ഹൈ ലെവല്‍ കമ്മിറ്റി 21-ന് നടക്കും.