തിരുവനന്തപുരം: ശബരിമലയില്‍ ഓരോദിവസവും പ്രവേശിപ്പിക്കാവുന്ന തീര്‍ഥാടകരുടെ എണ്ണം കൂട്ടും. കോവിഡ് വ്യാപനത്തോത് വിലയിരുത്തിയും ഘട്ടംഘട്ടമായും കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ ചീഫ്സെക്രട്ടറി അധ്യക്ഷനായ സമിതിവിളിച്ച യോഗത്തിലാണ് തീരുമാനമായത്. തീര്‍ഥാടകരുടെ എണ്ണം കൂട്ടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു.

തിങ്കള്‍മുതല്‍ വെള്ളിയാഴ്ചവരെ 1000, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 എന്നിങ്ങനെയാണ് ദിവസേന അനുവദിക്കുന്ന തീര്‍ഥാടകരുടെ ഇപ്പോഴത്തെ കണക്ക്. ദിവസവും പതിനായിരം പേരെയെങ്കിലും പ്രവേശിപ്പിക്കണമെന്നാണ് ദേവസ്വംബോര്‍ഡിന്റെ ആവശ്യം. ഡിസംബര്‍ 15-ന് അവസാനിക്കുന്ന ആദ്യഘട്ടത്തില്‍ എത്രപേരെയാകാമെന്നു സര്‍ക്കാര്‍ ഉടന്‍നിശ്ചയിക്കും. 15-നുശേഷം കോവിഡ് സ്ഥിതി അവലോകനംചെയ്ത് വീണ്ടുംകൂട്ടുന്നത് പരിഗണിക്കും. അധികംതീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതിനെ ആരോഗ്യവകുപ്പ് എതിര്‍ക്കുകയാണ്. പോലീസ്മേധാവി ലോക്നാഥ് ബെഹ്റ, വിവിധവകുപ്പു സെക്രട്ടറിമാര്‍, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, കമ്മിഷണര്‍ ബി.എസ്. തിരുമേനി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.