ശബരിമല: ശബരിമലയിൽ വെള്ളിയാഴ്ച വൈകുന്നേരം മഴ പെയ്തു. മഴയ്ക്കുശേഷം അഞ്ചുമണിയോടെ സന്നിധാനം മഞ്ഞുമൂടിയ നിലയിലായി. പ്രതിദിന തീർഥാടകരുടെ എണ്ണം 2000 ആക്കിയശേഷമുള്ള ആദ്യദിവസമായിരുന്നു വെള്ളിയാഴ്ച. രാവിലെ മുതൽ ദർശനത്തിന് സാമാന്യം തിരക്കുണ്ടായി. നാലുമണിവരെ 1450 പേർ ദർശനം നടത്തി. വലിയനടപ്പന്തലിൽ ആദ്യമായാണ് കുറച്ച് തിരക്ക് കണ്ടത്. ഓൺലൈൻ സംവിധാനം വഴി ബുക്ക് ചെയ്തവരെല്ലാം മലചവിട്ടി.

ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന ഭീതിയിൽ ശബരിമലയിൽ ജില്ലാ ഭരണകൂടം കനത്ത ജാഗ്രത പുലർത്തിയിരുന്നു. ശക്തമായ മഴയും കാറ്റും ഉണ്ടായാൽ കുറച്ചുസമയം ദർശനം നിർത്തുന്നതുവരെ ആലോചിച്ചെങ്കിലും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. മഴതന്നെ അരമണിക്കൂർ മാത്രമേ ശക്തമായി പെയ്തുള്ളൂ.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ മകൻ എം.ഹർഷവർധൻ ശബരിമലദർശനം നടത്തി. വെള്ളിയാഴ്ച പകൽ 11.45-ഓടെയാണ് അദ്ദേഹം ദർശനത്തിനെത്തിയത്. വർഷംതോറും മണ്ഡലകാലത്ത് ഇദ്ദേഹം ശബരിമലദർശനത്തിന് എത്താറുണ്ട്.