ശബരിമല: സന്നിധാനത്ത് അയ്യപ്പസ്വാമിയുടെ പൂജയ്ക്ക് ആവശ്യമായ പുഷ്പങ്ങള്‍ ലഭിക്കുന്ന ചെടികള്‍ വളര്‍ത്തിയെടുക്കാന്‍ പുണ്യം പൂങ്കാവനം അംഗങ്ങള്‍. ഇതിന്റെ ഭാഗമായി ശബരിമല പുണ്യം പൂങ്കാവനം കോ-ഓര്‍ഡിനേറ്റര്‍ വി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഭസ്മക്കുളത്തിന് എതിര്‍വശത്തുള്ള സ്ഥലത്ത് പൂച്ചെടികള്‍ വച്ചുപിടിപ്പിക്കും.
ഈ സ്ഥലം പുണ്യം പൂങ്കാവനം അംഗങ്ങള്‍ ചേര്‍ന്ന് ശുചീകരിച്ചു. ക്ഷേത്രത്തിനുസമീപമുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കി ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയാണ് പൂജാപുഷ്പങ്ങള്‍ ലഭിക്കുന്ന ചെടികള്‍ നടുന്നത്.
ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളിലാണ് കഴിഞ്ഞവര്‍ഷംവരെ പുണ്യം പൂങ്കാവനം പദ്ധതി നിലനിന്നിരുന്നത്. എന്നാല്‍, ഇത്തവണ കേരളത്തില്‍ ആയിരത്തോളം ക്ഷേത്രങ്ങളിലും, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ക്ഷേത്രങ്ങളിലും വൃശ്ചികം ഒന്നുമുതല്‍ പുണ്യം പൂങ്കാവനം പദ്ധതി ആരംഭിച്ചിട്ടുണ്ട്.
2011-ല്‍ പി.വിജയന്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരിേക്ക ആരംഭിച്ചതാണ് പുണ്യം പൂങ്കാവനം പദ്ധതി.
ശബരിമല പൂങ്കാവനത്തില്‍ മനുഷ്യനും ജന്തുജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായ മാലിന്യംതള്ളല്‍ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പദ്ധതിയിലൂടെ മാലിന്യസംസ്‌കരണം, പൂങ്കാവനം മാലിന്യമുക്തമാക്കുന്നതിനുള്ള അവബോധം വളര്‍ത്തല്‍ എന്നിവയാണ് ലക്ഷ്യമിടുന്നത്.
പത്തുവര്‍ഷം പിന്നിടുന്ന പദ്ധതി ശബരിമലയുടെ ശുചീകരണപ്രക്രിയയില്‍ നിര്‍ണായകപങ്കാണ് വഹിച്ചിട്ടുള്ളത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.മനോജ്, അയ്യപ്പസേവാസംഘം വൊളന്റിയര്‍ ഓഫീസര്‍ പളനിക്കണ്ണ്, എക്‌സൈസ് ഓഫീസര്‍മാരായ ബിജു മായാജി, അനില്‍കുമാര്‍, സജി മുരളി, അയ്യപ്പസേവാസംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.