ശബരിമല: അരവണയും ആടിയശിഷ്ടം നെയ്യും ഉള്‍പ്പെടെ ശബരിമലയിലെ പ്രസാദങ്ങള്‍ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചുനല്‍കാന്‍ തപാല്‍ വകുപ്പ്. ദേവസ്വം ബോര്‍ഡും തപാല്‍ വകുപ്പും തമ്മിലുള്ള കരാര്‍ പ്രകാരം രാജ്യത്ത് എവിടെയും ശബരിമല പ്രസാദങ്ങള്‍ അടങ്ങിയ കിറ്റ് പോസ്റ്റ് ഓഫീസ് വഴി എത്തിക്കും.കിറ്റിന് 450 രൂപയാണ് ചാര്‍ജ്.

ഒരു ടിന്‍ അരവണ, വിഭൂതി, ആടിയ ശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞള്‍പൊടി, അര്‍ച്ചന പ്രസാദം എന്നിവയാണ് ഓരോ കിറ്റിലും ഉണ്ടാവുക. 450 രൂപയാണ് ഒരു കിറ്റിന് ഈടാക്കുന്നത്. ഇതില്‍ 250 രൂപ ദേവസ്വം ബോര്‍ഡിനാണ്.

200 രൂപ തപാല്‍ ചാര്‍ജ് ഇനത്തില്‍ തപാല്‍ വകുപ്പിനും. ഭക്തര്‍ക്ക് പ്രസാദം ബുക്ക് ചെയ്യുന്നതിന് പ്രത്യേകം തപാല്‍ ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ പറഞ്ഞു. പോസ്റ്റ് ഓഫീസ് വഴി എത്തിച്ചുനല്‍കുന്നതിന് ഉള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കിറ്റില്‍നിന്നു അപ്പം ഒഴിവാക്കിയതെന്ന് പറയുന്നു.

കോവിഡ് മൂലം തീര്‍ഥാടകര്‍ക്ക് ശബരിമലയില്‍ വരാന്‍ പറ്റാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് അരവണയും മറ്റും വീട്ടില്‍ എത്തിച്ചുനല്‍കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്.

ഭക്തര്‍ക്ക് വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ബുക്ക് ചെയ്യാം. പണം അടച്ചു മൂന്ന് ദിവസത്തിനകം പ്രസാദം വീട്ടിലെത്തുമെന്ന് അധികൃതര്‍. എത്ര കിറ്റ് വേണമെങ്കിലും ലഭിക്കും. പോസ്റ്റ് ഓഫീസുകളില്‍നിന്നുള്ള ബുക്കിങ് അനുസരിച്ച് പ്രസാദം അടങ്ങിയ കിറ്റ് സന്നിധാനത്ത് പായ്ക്കുചെയ്ത് പമ്പ പോസ്റ്റ് ഓഫീസില്‍ എത്തിക്കും.

പമ്പയില്‍നിന്ന് അതത് പോസ്റ്റ് ഓഫീസുകളിലേക്ക് അയയ്ക്കും. പ്രസാദത്തിനുള്ള ബുക്കിങ് അടുത്തിടെയാണ് ആരംഭിച്ചത്.ഇതുവരെ 5000-നടുത്ത് ഓര്‍ഡര്‍ ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. സന്നിധാനത്ത് ഉള്ള അപ്പം, അരവണ കൗണ്ടറുകളില്‍നിന്നും ആവശ്യത്തിന് പ്രസാദം വാങ്ങാം.

ഏറ്റവും കൂടുതല്‍ തുക കിട്ടുന്നത് അരവണ വില്പനയിലൂടെ

കേരളത്തിന് പുറത്തുനിന്നുംവരുന്ന ഭക്തര്‍ കൂടുതല്‍ വാങ്ങുന്നത് അരവണയാണ്. കോവിഡ് നിയന്ത്രണം മൂലം ഇത്തവണ വില്‍പ്പന കുറയും. ഇത് മറികടക്കാന്‍ തപാല്‍ വഴിയുള്ള പ്രസാദ വിതരണം ഊര്‍ജിതമാക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

content highlights: postal department will bring Sabarimala Prasadam to your home