ശബരിമല: മണ്ഡല-മകരവിളക്ക് ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാര്‍ക്ക് ഇനിമുതല്‍ സൗജന്യ ഭക്ഷണമില്ല. സാമ്പത്തിക പ്രതിസന്ധിമൂലം സര്‍ക്കാരില്‍ നിന്നുള്ള സഹായം നിലച്ചതിനാല്‍ പോലീസ് മെസ്സില്‍നിന്നു ഭക്ഷണം കഴിക്കുന്നവര്‍ ഇനി മുതല്‍ മുഴുവന്‍ പൈസയും നല്‍കണം.ഇതുസംബന്ധിച്ച് ശബരിമല പോലീസ് മെസ്സിന്റെ ചുമതലയുള്ള സൂപ്പര്‍വൈസറി ഓഫീസര്‍ ചൊവ്വാഴ്ച വൈകുന്നേരം സര്‍ക്കുലര്‍ ഇറക്കി.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, മണിയാര്‍ എന്നിവിടങ്ങളില്‍ ആണ് പോലീസ് മെസ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഡ്യൂട്ടിക്ക് വന്ന പോലീസുകാര്‍ക്ക് ഭക്ഷണം സൗജന്യമായിരുന്നു. സന്നിധാനത്ത് 80 രൂപവരെയും പമ്പയില്‍ 70 രൂപവരെയും സൗജന്യമായിരുന്നു. അതില്‍ കൂടുതല്‍ വരുന്ന തുകമാത്രം നല്‍കിയാല്‍ മതിയായിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ഇത്തവണ സര്‍ക്കാരില്‍ നിന്നുള്ള സഹായവും ദേവസ്വം ബോര്‍ഡില്‍നിന്നുളള സഹായവും കിട്ടിയിട്ടില്ല. കോവിഡ് കാരണം ദേവസ്വം ബോര്‍ഡിന്റെ മെസ് സബ്‌സിഡി ഇത്തവണ ഇല്ലാത്തതുമൂലമാണ് സൗജന്യ ഭക്ഷണം നിര്‍ത്തുന്നതെന്ന് സര്‍ക്കുലറില്‍ പറയുന്നു.

content highlights: Police personnel on duty in sabarimala wont get free food anymore