sabarimala
തിരക്കൊഴിഞ്ഞ ശബരിമലയിൽ പതിനെട്ടാംപടിയിൽ തൊട്ടുതൊഴുതു കയറുന്ന അയ്യപ്പൻ, പി.പി.ഇ.കിറ്റ് ധരിച്ച് സഹായത്തിനായിനിൽക്കുന്ന പോലീസുകാരെയും കാണാം

ശബരിമല: കോവിഡ് പശ്ചാത്തലത്തില്‍ തീര്‍ഥാടകരില്‍ ശാരീരികബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാന്‍ പതിനെട്ടാംപടിയില്‍ പി.പി.ഇ. കിറ്റ് ധരിച്ച പോലീസ്സേനാംഗങ്ങളുടെ സേവനവും. പി.പി.ഇ. കിറ്റ് ധരിച്ച ഓരോ പോലീസ്സേനാംഗം പതിനെട്ടാംപടി തുടങ്ങുന്നിടത്തും മുകളിലായും സേവനത്തിനുണ്ട്. കൂടാതെ, സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വലിയനടപ്പന്തല്‍ ആരംഭിക്കുന്ന ഭാഗത്തും കിറ്റ് ധരിച്ച ഒരു പോലീസുദ്യോഗസ്ഥന്‍ സേവനത്തിനുണ്ട്.

ദിവസവും രണ്ട് ഷിഫ്റ്റിലാണ് പി.പി.ഇ. കിറ്റ് ധരിച്ച് മൂന്ന് പോലീസുദ്യോഗസ്ഥര്‍ സേവനം ചെയ്യുന്നത്. സാധാരണ ഭക്തരെ പതിനെട്ടാംപടിയില്‍നിന്ന് മുകളിലേക്ക് പിടിച്ചുകയറ്റുന്നത് പോലീസായിരുന്നു.

കോവിഡ് മൂലം ആരെയും കൈപിടിച്ച് കയറ്റുന്നില്ല. ഈ ജോലിക്ക് പോലീസിനെ നിയോഗിച്ചിട്ടുമില്ല. മാസ്‌ക് ശരിയാക്കല്‍, സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കല്‍ എന്നിവയ്ക്ക് സഹായം നല്‍കുകമാത്രമാണ് ചെയ്യുന്നത്.