ശബരിമല: ദർശനത്തിന് കൂടുതൽ ഭക്തരെ അനുവദിച്ചതിനെ തുടർന്ന് പോലീസിന്റെ വെർച്വൽ ക്യൂ വഴി ബുക്കിങ് ആരംഭിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് sabarimalaonline. org എന്ന വെബ്സൈറ്റിൽ ബുക്കിങ് തുടങ്ങിയത്.

പ്രതിദിനം 1000 പേർക്കാണ് അധികമായി ദർശനത്തിന് അനുമതി ലഭിച്ചത്. ഡിസംബർ മൂന്നുമുതൽ മകരവിളക്ക്‌ വരെയുള്ള 44 ദിവസത്തേക്ക് 44,000 പേരുടെ ബുക്കിങ്ങാണ് ആരംഭിച്ചത്.

ആദ്യമണിക്കൂറിൽത്തന്നെ നല്ല തിരക്കായിരുന്നു. ബുധനാഴ്ച രാവിലെ വെബ്സൈറ്റ് തുറക്കുമെന്നാണ് ആദ്യം അറിയിച്ചത്. സാങ്കേതികപ്രശ്‌നം മൂലം ഇത് വൈകുന്നേരം അഞ്ചിലേക്ക് മാറ്റി. അപ്പോഴും പലർക്കും ബുക്ക്‌ ചെയ്യാൻ കഴിഞ്ഞില്ല. സെർവർ തകരാറാണ് കാരണമെന്ന് പറയുന്നു.

എന്നാൽ ഇതേസമയം തമിഴ്‌നാട്ടിൽനിന്നുള്ള പലർക്കും ബുക്ക് ചെയ്യാൻ കഴിഞ്ഞു. വൈകുന്നേരം ഏഴുവരെയും കേരളത്തിൽ പലർക്കും ബുക്ക് ചെയ്യാൻ പറ്റിയിരുന്നില്ലെന്ന് പറയുന്നു. രാവിലെ ബുക്കിങ് ആരംഭിക്കുമെന്ന്‌ പറഞ്ഞതിനാൽ നിരവധി പേർ അക്ഷയകേന്ദ്രങ്ങളിലും കംപ്യൂട്ടറിന് മുന്നിലും കാത്തിരുന്നു.

ദർശനത്തിന് 1000 പേർക്ക്‌ കൂടി അനുമതി നൽകിയതിനുശേഷമുള്ള പ്രവർത്തനം വിലയിരുത്തൽ ഡിസംബർ 15-ന് ചീഫ് സെക്രട്ടറിതല യോഗം ചേരുന്നുണ്ട്.

കോവിഡ് വ്യാപനം കുറഞ്ഞാൽ ദർശനത്തിന് വരുന്നവരുടെ എണ്ണം വീണ്ടും കൂട്ടുന്ന കാര്യം അന്ന് പരിഗണിക്കും.

സർക്കാരിൽനിന്ന് 20 കോടികൂടി

ശബരിമല: മണ്ഡലമകരവിളക്ക് തീർഥാടനം സുഗമമായി നടത്തുന്നതിന് ദേവസ്വം ബോർഡിന് സർക്കാർ 20 കോടികൂടി നൽകി. മണ്ഡലകാലത്തിന്റെ തുടക്കം 10 കോടി നൽകിയിരുന്നു. സർക്കാർ സഹായം ചെറിയ ആശ്വാസമാണെങ്കിലും കൂടുതൽ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ് ബോർഡ്.

മുൻ വർഷം ദിവസം മൂന്നു കോടി വരുമാനമുണ്ടായിരുന്നത് ഇപ്പോൾ പത്ത് ലക്ഷത്തിൽ താഴെയാണ്. മണ്ഡലമകരവിളക്ക് സീസണിൽ ഒരു ദിവസത്തെ ചെലവുതന്നെ ഒരു കോടിക്ക് മുകളിലാണ്. ഈ തുക കണ്ടെത്താൻപോലും ബോർഡിന് കഴിയുന്നില്ല.

ബോർഡിന്റെ ദൈനംദിനപ്രവർത്തനത്തിന് 150 കോടിയുടെ സഹായം വേണമെന്ന് സർക്കാരിനോട് അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ച 100 കോടിയുടെ സഹായത്തിൽ 40 കോടി കിട്ടാനുണ്ട്. ഇതെല്ലാം ചേർത്താണ് 150 കോടിയുടെ സഹായം ചോദിച്ചത്.

രണ്ടു ഘട്ടത്തിലായി 30 കോടിയാണ് ഇപ്പോൾ ലഭിച്ചത്. മകരവിളക്ക്‌ വരെ തീർഥാടനം സുഗമമായി നടത്താൻ ഈ തുക മതിയാവില്ല. ദർശനത്തിന് കൂടുതൽ പേർക്ക് അനുമതി നൽകണമെന്ന് ബോർഡ് ആവശ്യപ്പെട്ടെങ്കിലും ദിവസം 1000 പേരെ വീതമാണ് കൂട്ടിയത്. സന്നിധാനത്തും കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയതോടെ സർക്കാർ കൂടുതൽ ജാഗ്രതയിലാണ്.

ഇതോടെ വരുംദിവസങ്ങളിൽ വരുമാനം ഉയരുമെന്ന പ്രതീക്ഷ ഇല്ലാതായി. സർക്കാർ സഹായത്തിൽ മാത്രമാണ് ഇപ്പോൾ ബോർഡിന്റെ പ്രതീക്ഷ.