ശബരിമല: ശബരിമല ദര്‍ശനത്തിന് പോലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ഓണ്‍ലൈന്‍ ബുക്കിങ് നടത്താനുള്ള അവസരം തേടി തീര്‍ഥാടകരുടെ അന്വേഷണ പ്രവാഹം. കോവിഡ് മാനദണ്ഡം അനുസരിച്ച് നിശ്ചയിച്ച അത്രയും ബുക്കിങ് കഴിഞ്ഞതിനാല്‍ ഇപ്പോള്‍ വെബ് സൈറ്റില്‍ കയറി ബുക്കുചെയ്യാന്‍ കഴിയുന്നില്ല.

ഇതോടെ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി ഭക്തര്‍ ദിവസവും ദേവസ്വം ബോര്‍ഡിനെ ബന്ധപ്പെടുന്നുണ്ട്.

ദേവസ്വം ബോര്‍ഡും സംസ്ഥാന പോലീസും ചേര്‍ന്നുള്ള സംരംഭം ആണ് വെര്‍ച്വല്‍ ക്യൂ വഴിയുള്ള ബുക്കിങ് എങ്കിലും ഈ വെബ് സൈറ്റ് പൂര്‍ണമായും നിയന്ത്രിക്കുന്നത് പോലീസ് ആണ്. sabarimalaonline.org എന്ന സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്.

തിരക്ക് നിയന്ത്രിച്ച് സുഗമമായ ദര്‍ശനം ഒരുക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിങ് ഏറെ പ്രയോജനപ്പെടുന്നുണ്ട്. കോവിഡ് മൂലം ഇത്തവണ ബുക്കുചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം നല്‍കുന്നത്.

മണ്ഡല-മകരവിളക്ക് സീസണില്‍ ആകെ 86,000 പേര്‍ക്ക് ആണ് ദര്‍ശനത്തിന് അനുമതിയുള്ളത്.സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് ഇത് തീരുമാനിച്ചത്.നവംബര്‍ ഒന്നിന് ബുക്കിങ് ആരംഭിച്ചു. അന്ന് തന്നെ 86,000 പേരുടെ ബുക്കിങ് പൂര്‍ത്തിയായി.തുടര്‍ന്ന് 42,000 പേരുടെ വെയ്റ്റിങ് ലിസ്റ്റും തയ്യാറാക്കി. ലക്ഷ്യമിട്ട അത്രയും പേര്‍ ആദ്യ ദിവസം തന്നെ ബുക്ക് ചെയ്തതിനാല്‍ ഇപ്പോള്‍ ഈ വെബ് സൈറ്റില്‍ ബുക്ക് ചെയ്യാനുള്ള അവസരമില്ല.

ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിന് അനുമതി ലഭിച്ചവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തരാണ്. മലയാളികള്‍ കുറച്ചുമാത്രം. സൗജന്യമായി നടത്തുന്ന ബുക്കിങ്ങിന് തമിഴ്‌നാട്ടിലും മറ്റും വന്‍ തുക ഈടാക്കുന്നതായി ആക്ഷേപമുണ്ട്.ബുക്കിങ് ഇനി എന്ന് പുനരാരംഭിക്കും എന്നതാണ് ഭക്തരുടെ ചോദ്യം. ദിവസവും ഇതുസംബന്ധിച്ച അന്വേഷണം ഉണ്ടെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.ബുക്കിങ് പുനരാരംഭിക്കുന്ന കാര്യത്തില്‍ ബോര്‍ഡിന് ഒരു വിവരവും ഇല്ല.ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കുന്ന മുറയ്ക്ക് ബുക്കിങ് പുനരാരംഭിക്കും എന്നാണ് പോലീസ് പറയുന്നത്.

ദിവസം 1000 പേര്‍ക്കാണ് ഇപ്പോള്‍ ദര്‍ശനം നടത്താന്‍ അനുമതിയുള്ളത്.ഇത് 5000 മുതല്‍ 10,000 വരെ ആക്കണം എന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.അടുത്തയാഴ്ച കമ്മിറ്റിയുടെ അവലോകനം ഉണ്ടാവും. അന്ന് തീരുമാനം ഉണ്ടാവുമെന്നാണ് അറിയുന്നത്.