ശബരിമല: കോവിഡ് നിയന്ത്രണംമൂലം തീർഥാടകർ കുറഞ്ഞത് കെ.എസ്.ആർ.ടി.സിയെയും ബാധിച്ചു. വരുമാനം കുത്തനെ കുറഞ്ഞു. ജീവനക്കാർക്ക് ഒരു ഡ്യൂട്ടി കിട്ടാൻ രണ്ടുദിവസം ജോലി ചെയ്യേണ്ട അവസ്ഥയാണ്. മണ്ഡലകാലം തുടങ്ങി കഴിഞ്ഞ ദിവസം വരെ ആകെ കിട്ടിയത് 12.79 ലക്ഷം രൂപ. കഴിഞ്ഞ വർഷം ഇതേസമയം ആറുകോടിയോളം ആയിരുന്നു വരുമാനം.

തീർഥാടകർക്കുവേണ്ടി പമ്പ-നിലയ്ക്കൽ സർവീസ് നടത്താൻ ഇത്തവണ 40 ബസാണ് അനുവദിച്ചത്. 23 ബസ് സർവീസിന് വന്നെങ്കിലും യാത്രക്കാർ ഇല്ലാത്തതിനാൽ ആറെണ്ണം തിരിച്ചയച്ചു. ഇപ്പോൾ 17 ബസാണ് സർവീസിന് ഉള്ളത്. ഇതുവരെ 858 സർവീസുകൾ നടത്തിയെന്ന് പമ്പ സ്റ്റേഷൻ ഓഫീസർ പറഞ്ഞു. തുടർച്ചയായി സർവീസ് നടത്താൻ തീർഥാടകർ ഇല്ല. പമ്പ-നിലയ്ക്കൽ റൂട്ടിൽ മൂന്ന് സർവീസ് നടത്തുമ്പോഴാണ് ഒരു ഡ്യൂട്ടി ആവുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ രണ്ടുദിവസം കൊണ്ടാണ് ഒരാൾക്ക് ഒരു ഡ്യൂട്ടി കിട്ടുന്നത്. ഇതുമൂലം ജീവനക്കാർക്കും വരുമാനം കുറയും.

പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ആകെ 82 ജീവനക്കാർ ഉണ്ട്. ശബരിമല സീസണിൽ കിട്ടുന്ന വരുമാനമാണ് എന്നും കെ.എസ്.ആർ.ടി.സിയുടെ നഷ്ടം കുറയ്ക്കുന്നത്. ഇത്തവണ ആ പ്രതീക്ഷയില്ല.