പൂപ്പത്തി (മാള): ശാസ്താവിനെ പൂജിക്കാന്‍ ലഭിക്കുന്ന അവസരം ജയരാജ് പോറ്റിക്ക് ആത്മസമര്‍പ്പണത്തിന്റെക്കൂടി അവസരമാണ്. ജന്മസാഫല്യമായാണ് അദ്ദേഹം ഈ അവസരത്തെ കാണുന്നത്. മേല്‍ശാന്തിയായി തിരഞ്ഞെടുത്ത നാള്‍മുതല്‍ ആരംഭിച്ച വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപ്തിയായാണ് ശനിയാഴ്ച പൂപ്പത്തിയിലെ വസതിയില്‍ 'വിശ്വശാന്തി-വിശ്വമാനവ-ആയുരാരോഗ്യ-ഐശ്വര്യഹോമം' നടന്നത്.

മഹാമാരിയില്‍നിന്ന് രക്ഷനേടുന്നതിനൊപ്പം ശാന്തിയും ഐശ്വര്യവുമെന്ന പ്രാര്‍ഥനയായിരുന്നു ഹോമത്തിന്റെ ലക്ഷ്യം. പുലര്‍ച്ചെ ആറിന് ആരംഭിച്ച ഹോമം എട്ടരയോടെ അവസാനിച്ചു. സ്വാമി ഉദിത്ചൈതന്യ, മുന്‍ ശബരിമല-ഗുരുവായൂര്‍ മേല്‍ശാന്തി ഏഴിക്കോട് ശശിനമ്പൂതിരി, മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി എന്നീ ആചാര്യന്മാരുടെ കാര്‍മികത്വത്തിലായിരുന്നു ഹോമം.

സന്നിധാനത്തേക്ക് പുറപ്പെടുന്നതിന്റെ ഭാഗമായുള്ള കെട്ടുനിറ വൈകുന്നേരം നടന്നു. ഞായറാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍നിന്ന് ശബരിമലയിലേക്ക് യാത്രതിരിക്കുക. മണ്ഡലകാലം ആരംഭിക്കുന്ന തിങ്കളാഴ്ച വൈകീട്ടുള്ള ദീപാരാധനയ്ക്കുശേഷം അഭിഷേകത്തോടെ മേല്‍ശാന്തിയായി ചുമതലയേല്‍ക്കും. ജയരാജ് പോറ്റി മാളികപ്പുറം മേല്‍ശാന്തിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

content highlights: head priest of Sabarimala Ayyappa temple VK Jayaraj Potti